തൊടുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് അവശ്യസേവനങ്ങൾ എത്തിക്കുന്നതിനായി തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി എക്സൈസ് ഡിവിഷൻ ആഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് തുറന്നു പ്രവർത്തനം ആരംഭിച്ചു. വാഹന സൗകര്യം ഇല്ലാത്തവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നതിനുള്ള വാഹന സൗകര്യം ഹെൽപ്പ് ഡെസ്‌ക് വഴി ലഭ്യമാക്കും. അടിമാലിയിൽ പ്രവർത്തിക്കുന്ന ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ആഫീസ് വഴി ആദിവാസി കുടികളിലെയും മറ്റും ജനങ്ങൾക്ക് വാക്‌സിനേഷൻ എടുക്കുന്നതിനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും വേണ്ട സഹായം ഇതുവഴി ലഭ്യമാകും. മദ്യത്തിന്റെ ലഭ്യത ഇല്ലാത്ത സാഹചര്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർക്ക് ആവശ്യമായ കൗൺസിലിംഗും ചികിത്സയും ജില്ലാ വിമുക്തി മിഷൻ മുഖേന ലഭ്യവുമാണ്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ സഹായം ആവശ്യമായി വന്നാൽ ഹെൽപ്പ് ഡെസ്‌കിൽ ബന്ധപ്പെടാം. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമരുന്നുകൾ, ഭക്ഷണം എന്നിവ എത്തിക്കുന്നതിനുള്ള സഹായം ഹെൽപ് ഡെസ്‌ക് വഴി ലഭ്യമാണ്. ഹെൽപ്പ് ഡെസ്‌ക് ഫോൺ നമ്പർ -04662 222493. ജില്ലാ വിമുക്തി മിഷൻ ആഫീസ്- 04862 228544. ജനമൈത്രി എക്‌സൈസ് സ്ക്വാഡ് അടിമാലി- 04864 223377.