harish

ചെറുതോണി: നിർദ്ധന കുടുംബത്തിന് ലോക്ക് ഡൗൺ കാലത്ത് പൊലീസിന്റെ സഹായഹസ്തം. നിർദ്ധനനും കാൻസർ രോഗിയുമായ കഞ്ഞിക്കുഴി പ്രഭ സിറ്റി പുളിക്കൽ കുന്നേൽ ഹരിഷ് കുമാറിന്റെ അഞ്ചംഗ കുടുബത്തിനാണ് കഞ്ഞിക്കുഴി പൊലിസ് ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും നൽകിയത് . ഹരീഷ് കുമാർ നാളുകളായി കാൻസർ രോഗം പിടിപെട്ട് ചികിത്സയിലാണ്.. ഹരീഷിന്റെ ഭാര്യ അമ്പിളിക്ക് തൊഴിലുറപ്പ് ജോലിയിൽ നിന്നും കിട്ടുന്ന വരുമാനമാണ് അഞ്ച് അംഗ കുടുബത്തിന്റെ ഏക ആശ്രയം . രണ്ട് കുട്ടികൾ ഉള്ളതിൽ ഹരീഷിന്റെ മൂത്ത മകൾ പ്ലസ്ടുവിനും രണ്ടാമത്തെ മകൻ എട്ടാം ക്ലാസിലും പഠിക്കുന്നു. ഹരീഷിന്റെ പിതാവും രോഗിയാണ്. പ്ലാസ്റ്റിക്ക് വലിച്ച് കെട്ടിമറച്ച പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. 2019ൽ സി.പി.എം ഇടപെട്ട് ഈ കുടുബത്തിന് വീട് നിർമ്മിക്കാൻ 10 സെന്റ് സ്ഥലം നൽകി. പക്ഷെ ഇവിടെ വീട് പണിയുന്നതിനായി കഞ്ഞിക്കുഴി പഞ്ചായത്തിനെ പലതവണ സമീപിച്ചെങ്കിലും നടപടിയായില്ല. ഇതോടെ വീടെന്ന സ്വപ്നം ബാക്കിയായി. കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണ ധാന്യ കിറ്റുകളും കഞ്ഞിക്കുഴി സർക്കിൾ ഇൻസ്‌പെക്ടർ സിബി തോമസും, എസ്.ഐ സുബൈർ, സി.പി.ഒ ചന്ദ്രബോസ്, അജീഷ് ,​ പൊതുപ്രവർത്തകൻ മാഹിൻ ബാദുഷ മൗലവി എന്നിവരുടെ നേതൃത്വത്തിൽ വീട്ടിൽ എത്തിച്ചു നൽകി.