തൊടുപുഴ: രണ്ടാം കൊവിഡ് തരംഗം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ രണ്ടാം ദിനവും നാടും നഗരവും നിശ്ചലം. ഇന്നലെയും നിയന്ത്രണങ്ങളോട് പൂർണ സഹകരണം പ്രഖ്യാപിച്ച് ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞു. ഞായറാഴ്ചയായിരുന്നതിനാൽ ഇന്നലെ ടൗണുകളും നിരത്തുകളും പൊതുവെ വിജനമായിരുന്നു. അവശ്യ സാധനങ്ങൾ വാങ്ങാനുള്ളവർ മാത്രമാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ അവശ്യ സാധനങ്ങളിൽ വിൽക്കുന്ന പല കടകളും ഇന്നലെ തുറന്നു പ്രവർത്തിച്ചില്ല. വിരലിലെണ്ണാവുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് തുറന്നത്. കടകളിലേക്ക് ജനങ്ങളുടെ വരവും കുറഞ്ഞിരുന്നു. ചുരുക്കം മെഡിക്കൽ ഷോപ്പുകളും പെട്രോൾ പമ്പുകളും തുറന്നിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങളും ആട്ടോറിക്ഷകളും മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. പൊലീസ് പരിശോധന ഇന്നലെയും കർശനമായി തന്നെ തുടർന്നു. ജില്ലാ അതിർത്തികളിലും പ്രധാന പാതകളിലും ടൗണുകളിലും പൊലീസ് പട്രോളിംഗും നിരീക്ഷണവും ശക്തിപ്പെടുത്തിയിരുന്നു. പാസോ സത്യവാങ്മൂലമോ ഉള്ളവരെ മാത്രമാണ് കടത്തി വിട്ടത്. ഇതിനിടെ ഒട്ടേറെ പേർ പൊലീസിന്റെ പാസിനായി വെബ്‌സൈറ്റിൽ അപേക്ഷ നൽകിയിട്ടുണ്ട്. കൃത്യമായ പരിശോധനകൾക്ക് ശേഷമെ അടിയന്തര ആവശ്യങ്ങൾക്ക് പാസ് അനുവദിക്കൂവെന്ന് പൊലീസ് അറിയിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് 80 പേർക്ക് പാസ് അനുവദിച്ചിട്ടുണ്ടെന്ന് സി.ഐ സുധീർ മനോഹർ പറഞ്ഞു.