തൊടുപുഴ: ഷാർജയിൽ കുടുങ്ങിയ തൊടുപുഴ കുമ്പങ്കല്ല് സ്വദേശിക്ക് നാട്ടിലെത്താൻ വഴി തെളിയുന്നു. തൊഴിൽ ഉടമയുമായുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ആറ് മാസ കാലത്തോളമായി ശമ്പളമില്ലാതെ യു.എ.യിലെ ഷാർജയിൽ കഴിഞ്ഞു വരികയായിരുന്നു തൊടുപുഴ കുമ്പങ്കല്ല് സ്വദേശിയായ യുവാവ്. ഏകദേശം ഒന്നേകാൽ ലക്ഷം രൂപയ്ക്കടുത്ത് കമ്പനിയിൽ കെട്ടി വെച്ചാൽ മാത്രമേ യുവാവിന് പാസ്‌പോർട്ട് തിരികെ ലഭിക്കുമായിരുന്നുള്ളൂ. ഇതിനായുള്ള പ്രവർത്തനങ്ങൾ ഇടുക്കി ജില്ലാ കെ.എം.സി.സി (ജി.സി.സി) ഏറ്റെടുക്കുകയായിരുന്നു. ഇടുക്കി ജില്ലാ കെ.എം.സി.സി (ജി.സി.സി) പ്രസിഡന്റ് ത്വാഹ വെട്ടിപ്ലാക്കലിന്റെയും ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് നിസാമുദ്ധീൻ തൊടുപുഴയുടെയും മുസ്‌ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിഷാദിന്റെയും ഇടപെടലുകളാണ് യുവാവിന് തുണയായത്.

സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളായ കെഎംസിസി പ്രവർത്തകരുടെ നിർലോഭമായ സഹായത്തോടെയാണ് ഈ തുക കണ്ടെത്തിയത്.ദുബൈ കെഎംസിസി ഇടുക്കി ജില്ലാ കമ്മിറ്റി മുഖേന ലീഗൽ അഡ്വൈസർ അഡ്വ: സാജിദ് കമ്പിനി പ്രതിനിധികളുമായി ചർച്ച നടത്തുകയും 6000 ദിർഹംസ് അടക്കുകയാണെങ്കിൽ നിലവിലുള്ള എല്ലാ കേസുകളും പിൻവലിക്കാം എന്ന് കമ്പനി ഉറപ്പ് നൽകുകയുമായിരുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ അതിന്റെ അവസാന ഘട്ടത്തിൽ ആണെന്നും യുവാവിന് എത്രയും വേഗം നാട്ടിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം കൂടാൻ കഴിയുമെന്നും നേതൃത്വം നൽകിയവർ അറിയിച്ചു.