മുട്ടം: കൊവിഡ് പരിശോധനയ്ക്ക് ശേഷം മടങ്ങുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച രണ്ട് തടവുകാരെ പൊലീസും ജയിൽ ജീവനക്കാരും പിന്നാലെ പാഞ്ഞ് പിടികൂടി. കുളമാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ അനന്ദു രാജേഷ്, കമ്പംമെട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മുഹമ്മദ്‌ സാദിക്ക് എന്നിവരുടെ പേരിൽ സുരക്ഷാ പൊലീസിന്റെ പരാതിയിൽ മുട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം. ജില്ലാ ജയിലിലെ ഏഴ് തടവുകാരെ കൊവിഡ് പരിശോധനക്കായി ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. പരിശോധന പൂർത്തീകരിച്ച് തിരികെ മുട്ടത്തുള്ള ജയിലിലേയ്ക്ക് കൊണ്ട് വന്ന് ആംബുലൻസിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അനന്ദുവും മുഹമ്മദ്‌ സാദിക്കും സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ കബളിപ്പിച്ച് ഗവൺമെന്റ് പോളിടെക്നിക്ക് ക്വാർട്ടേഴ്സ് റോഡിലൂടെ ഓടിയത്. ഉടൻ തന്നെ സുരക്ഷാ പൊലീസും ജയിൽ ജീവനക്കാരും ഇവർക്ക് പിന്നാലെ ഓടിയെത്തിയാണ് പിടികൂടിയത്. പിന്നീട് ഇവർ രണ്ട് പേരെയും മുട്ടം സ്റ്റേഷനിൽ എത്തിച്ച് സുരക്ഷാ പൊലീസിന്റെ പരാതിയിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്ത് ജയിലിലേക്ക് മാറ്റി. പോക്സോ കേസിൽ ശിക്ഷ വിധിച്ച് കഴിഞ്ഞ ഏപ്രിൽ 29 നാണ് അനന്ദു രാജേഷും, മുഹമ്മദ്‌ സാദിക്കും ജില്ലാ ജയിലിൽ എത്തിയത്. ജയിൽ സെല്ലിൽ ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് തടവുകാർക്ക് കൊവിഡ് പോസിറ്റിവായിരുന്നു. ഇതേ തുടർന്ന് ഇവരുൾപ്പടെ ഏഴ് തടവുകാരെ ജയിലിൽ തന്നെയുള്ള സി.എഫ്.എൽ.ടി.സിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ച് വരുകയായിരുന്നു. രണ്ടാം ഘട്ട കൊവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്.