തൊടുപുഴ: അനുദിനം വളർന്നു വരുന്ന തൊടുപുഴ നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയും കെഎം മാണി സ്റ്റഡി സെന്ററും സംയോജിതമായി വിഷൻ 2040 എന്ന പേരിൽ വിദഗ്ധരെ ഉൾപ്പെടുത്തി സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റും സ്റ്റഡി സെന്റർ ചെയർമാനുമായ ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു. 25 വർഷങ്ങൾക്കു മുൻപ് രൂപംകൊടുത്ത കാലഹരണപ്പെട്ട മാസ്റ്റർ പ്ലാൻ ആണ് ഇന്നും തൊടുപുഴയുടെ വികസനത്തിനായി ആശ്രയിക്കുന്നത്. അന്നത്തെ സാഹചര്യം അല്ല എന്നുള്ളത്. കൊച്ചി നഗരത്തിന്റെ ഉപഗ്രഹ നഗരമായി തൊടുപുഴ മാറിക്കഴിഞ്ഞു. ശുദ്ധജലസ്രോതസ്സുകൾ, മികച്ച റോഡുകൾ, ബൈപ്പാസുകൾ, മലങ്കര അമ്യൂസ്‌മെന്റ് പാർക്ക്, മലങ്കര എസ്റ്റേറ്റ്, കാളിയാർ എസ്റ്റേറ്റ് എന്നിവയുടെ സാധ്യതകൾ എല്ലാം ഉപയോഗപ്പെടുത്തി വരുന്ന ഇരുപത്തിയഞ്ച് വർഷത്തെ മുന്നിൽകണ്ടുകൊണ്ട് ശാസ്ത്രീയമായ രീതിയിൽ സമഗ്ര മാസ്റ്റർ പ്ലാൻ ആണ് തയ്യാറാക്കുന്നത്. ഇതിന്റെ നോഡൽ ഏജൻസിയായാണ് കെഎംമാണി സ്റ്റഡി സെന്റർ. പ്രവർത്തിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ തൊടുപുഴയിലെ വ്യാപാരികൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കന്മാർ, കക്ഷിരാഷ്ട്രീയ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തും. അതിനുശേഷം അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഉദ്യോഗസ്ഥർ, ആർക്കിടെ്ര്രകുകൾ, എഞ്ചിനീയറിംഗ് വിദ്ഗധർ എന്നിവരുമായി കൂടിയാലോചിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കൊവിഡിന്റെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാകുന്ന മുറയ്ക്ക് ഇതുസംബന്ധിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കും. ചർച്ചകൾ സിമ്പോസിയങ്ങൾ സെമിനാറുകൾ ഓൺലൈൻ മീറ്റിങ്ങുകൾ എന്നിവ വഴിയാണ് വിവിധ തലങ്ങളിലുള്ള ആളുകളുടെ അഭിപ്രായങ്ങൾ സമാഹരിക്കുന്നതെന്ന് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.