nh

രാജാക്കാട്: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ട് ചെക്പോസ്റ്റിനും മുന്തലിനുമിടയിൽ കനത്ത മഴയെത്തുടർന്ന്പാറക്കൂട്ടം ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് വലിയ ശബ്ദത്തോടെ മണ്ണും പാറക്കൂട്ടങ്ങളും താഴേയ്ക്ക് പതിച്ചത്. രണ്ട് ദിവസമായി പ്രദേശത്ത് രാത്രികാലങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ വാഹനങ്ങളൊന്നും റോഡിലില്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. വളവിന് താഴെയുള്ള റോഡിലും കല്ലും മണ്ണും പതിച്ച് അവിടെയും ഗതാഗതം മുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ കയറ്റിയ ലോറികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തമിഴ്‌നാട് അധികൃതർ ആരംഭിച്ചു. കഴിഞ്ഞ ദിവസവും ചെറിയ തോതിൽ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇവിടെ വീണ്ടും മലയിടിയാനുള്ള സാദ്ധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കി.