കുമാരമംഗലം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്ന് കുമാരമംഗലം പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പൈങ്കുളത്ത് തുടങ്ങിയ ഡൊമിസിലറി കെയർ സെന്ററിൽ (ഡി.സി.സി) രോഗികളെ പാർപ്പിച്ചതിന് ശേഷം അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് സി.പി.എം ആരോപണം. നിലവിൽ മൂന്ന് കൊവിഡ് രോഗികൾ അവിടെ ഉണ്ട്. ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം എത്തിക്കുമെന്ന് പറഞ്ഞ പ്രസിഡന്റും വൈസ് പ്രസിഡന്റും തിരിഞ്ഞ് നേക്കാത്തത് മൂലം നാട്ടുകാരാണ് രോഗികൾക്ക് ഭക്ഷണം നൽകുന്നതെന്നും ഇവർ ആരോപിക്കുന്നു. ഒമ്പതാം വാർഡിലുള്ള ഡി.സി.സിയുടെ ചുമതലയുള്ള ആശാപ്രവർത്തകയായ മൈലകൊമ്പ് വാർഡ് മെമ്പർ ഇത് വരെ അവിടെ വന്ന് കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല. വോളണ്ടിയർമാരെ ചുമതലപ്പെടുത്തിയിട്ടില്ല. 24 മണിക്കൂർ ഡോക്ടറുടെ സേവനവും ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടവും ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ആരും അത് വഴി വന്നിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയും പൊള്ളയായ വാഗ്ദാനങ്ങൾ മാദ്ധ്യമങ്ങളിൽ കൂടി നടത്തിയിട്ട് തികച്ചും നിരുത്തരവാദിത്തപരമായ പ്രവർത്തനമാണ് നടത്തുന്നത്. കൊവിഡ് രോഗികൾക്കടക്കം ഭക്ഷണം എത്തിക്കുന്നതിനുള്ള ജനകീയ ഹോട്ടലോ കമ്മ്യൂണിറ്റി കിച്ചനോ തുടങ്ങുന്നതിനുള്ള ഒരു നടപടിയും പഞ്ചായത്ത് അധികാരികൾ എടുത്തിട്ടില്ല. മേലധികാരികൾ ഉടൻ ബന്ധപ്പെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് സി.പി.എം കുമാരമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ.വി. ബിജു ആവശ്യപ്പെട്ടു.