തൊടുപുഴ: കാഡ്മണ്ഡുവിൽ കുടുങ്ങിയ 600 മലയാളികളുടെ മോചനത്തിന് ഡീൻ കുര്യാക്കോസ് എം.പി യുടെ ഇടപെടൽ. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള അറുന്നൂറോളം ആളുകളാണ് അവധിക്ക് ശേഷം പല ദിവസങ്ങളായി നേപ്പാൾ വഴി സൗദിക്ക് പോയത്. ഇവരിൽ തൊടുപുഴക്കാരായ ഏതാനും ആളുകളുമുണ്ട്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് നിന്ന് സൗദിക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ മുഴുവനും റദ്ദ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇവർ നേപ്പാളിൽ എത്തിയത്. ഇവിടെ എത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൊവിഡ് വ്യാപനം വീണ്ടും അതി രൂക്ഷമായി. ഇതേ തുടർന്ന് സൗദി ഉൾപ്പടെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നേപ്പാൾ സർക്കാർ അനിശ്ചിതകാലത്തേക്ക് നിർത്തി വെച്ചു. കാഡ്മണ്ഡുവിൽ വിവിധ സ്വകാര്യ ഹോട്ടലുകളിൽ ഒരു മാസമായി താമസിച്ച് വരുന്ന ഇവർക്ക്

തിരിച്ച് നാട്ടിലേക്ക് വരാനും കഴിയാത്ത അവസ്ഥയായി. ഹോട്ടൽ താമസം,ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള ചിലവുകൾക്കായി മിക്ക വരുടേയും കൈവശമുണ്ടായിരുന്ന പണംതീർന്നതിനാൽ ഇവർ ദുരിതാവസ്ഥയിലുമാണ്. നാട്ടിൽ നിന്ന് കിട്ടാവുന്ന സ്ഥലങ്ങളിൽ നിന്ന് കടം വാങ്ങിയും പണയം വെച്ചുമാണ് മിക്കവരും സൗദിക്ക് യാത്ര തിരിച്ചത്. ചിലരുടെ വിസ കാലാവധി അവസാനിച്ചു, മറ്റ് ചിലർക്ക് കോവിഡ് ഉൾപ്പടെയുള്ള അസുഖങ്ങളുമുണ്ട്. ഇതേ തുടർന്നാണ് തൊടുപുഴയിലുള്ള കുടുംബക്കാർ പ്രശ്നം ഡീൻ കുര്യാക്കോസ് എം.പി യുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി ജയശങ്കർ, സിവിൽ എവിയേഷൻ മന്ത്രി ഹർദീപ് എന്നിവരെ എം.പി വിവരം ധരിപ്പിക്കുകയും ചെയ്തു.