ഡ്രൈവർമാരടക്കം അഞ്ചു വണ്ടികൾ നഗരസഭയ്ക്ക് കൈമാറി
തൊടുപുഴ: കൊവിഡ് അടിയന്തര സഹായങ്ങൾക്കായി ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 സ്‌നേഹ വണ്ടികളൊരുക്കി. കൊവിഡ് വ്യാപനം തീവ്രമായതോടെയാണ് ഞങ്ങളുണ്ട് ക്യാമ്പയിനുമായി തൊടുപുഴയിലെ ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്. തൊടുപുഴ നഗരസഭയിലും മണക്കാട്, പുറപ്പുഴ, കരിങ്കുന്നം, ഇടവെട്ടി, കുമാരമംഗലം പഞ്ചായത്തുകളിലെയും അടിയന്തര സഹായങ്ങൾക്കാണ് ഡി.വൈ.എഫ്.ഐ വാഹന സൗകര്യം ഏർപ്പെടുത്തിയത്. കൊവിഡ് നീരീക്ഷണത്തിൽ കഴിയുന്നവരെയും കൊവിഡ് ടെസ്റ്റ് നടത്താൻ ആവശ്യമായിട്ടുള്ളവരെ ആശുപത്രിയിൽ എത്തിക്കാനും വാഹന സൗകര്യം ഉപയോഗിക്കാം. തൊടുപുഴയിലെ കൊവിഡ് പ്രതിരോധ ആവശ്യത്തിനായി ഇതിൽ ഡ്രൈവർമാരടക്കം അഞ്ചു വാഹനങ്ങൾ ഡി.വൈ.എഫ്.ഐ നഗരസഭയ്ക്ക് കൈമാറി. മറ്റ് പത്ത് വാഹനങ്ങൾ അഞ്ച് പഞ്ചായത്തുകളിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നിയന്ത്രണത്തിൽ കൊവിഡ് വ്യാപനം നേരിടുന്നവരുടെ ഇടയിലേക്ക് എത്തും. പ്രവർത്തകർ കണ്ടെത്തിയ സ്‌നേഹ വണ്ടികളുടെ ഫ്ളാഗ് ഒഫ് സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ നിർവഹിച്ചു. നഗരസഭയ്ക്ക് വേണ്ടി അഞ്ചു സ്‌നേഹ വണ്ടികളുടെയും താക്കോൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.പി. സുമേഷിന്റെ കൈയിൽ നിന്ന് ഏറ്റുവാങ്ങി. സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി ആഫീസിൽ നടന്ന ചടങ്ങിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗങ്ങളായ ആർ. പ്രശോഭ്, എം.എം. റഷീദ്, ടിജു തങ്കച്ചൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ, പ്രസിഡന്റ് വി.ആർ. പവിരാജ്, ജില്ലാ കമ്മിറ്റിയംഗം പി.എം. ഷെമീർ, മുൻസിപ്പൽ കൗൺസിലർമാരായ മെർളി രാജു, കവിത അജി എന്നിവർ പങ്കെടുത്തു.