ഇടുക്കി : ലോക്ക് ഡൗൺ ലംഘിച്ച് അനാവശ്യമായി നിരവധി പേർ പുറത്തിറങ്ങുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി. വരും ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കം ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അനാവശ്യമായി പുറത്തിറങ്ങിയ 110 പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ പതിനായിരത്തിലധികം പേർ ഓൺലൈൻ പാസിന് അപേക്ഷിച്ചെന്നും അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളുവെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ക്വാറന്റൈൻ ലംഘനം ശ്രദ്ധയിൽപെട്ടാൽ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറെയോ 112, 9497961905 എന്നീ നമ്പറുകളിലും അറിയിക്കാം. തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ അതിർത്തികളിൽ കർശന പരിശോധന നടക്കുകയാണ്. അതിർത്തി വനപാതകളും പൊലീസ് നിരീക്ഷണത്തിലാണ്. ഇതുവരെ അയൽസംസ്ഥാനത്ത് നിന്ന് അനുമതിയില്ലാതെ ആളുകൾ എത്തിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിലും വനപാതകളിലടക്കം ശക്തമായ പൊലീസ് നീരീക്ഷണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.