തൊടുപുഴ: കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേരാനായി സ്കൂളിൽ പോയതാണ് ബേബി മോൾ. അതിന് ശേഷം സ്കൂളിന്റെ പടി പോലും പോലും കണ്ടിട്ടില്ല. ക്ലാസ് എങ്ങനെയാണെന്നോ പഠനരീതിയെങ്ങനെയാണെന്നോ അവർക്ക് കേട്ടറിവല്ലാതെ അറിയില്ല. ഈ വർഷവും സ്‌കൂളിൽ പോയി പഠിക്കാനും കൂട്ടുകാരേം ടീച്ചർമാരേം കാണാനും പറ്റൂല്ലേയെന്ന ബേബി മോളുടെ ചോദ്യത്തിന് മുന്നിൽ മാതാപിതാക്കൾക്ക് മറുപടിയില്ല. കുട്ടികൾ വീടിെന്റ നാലു ചുമരുകളിൽ മാത്രമായി ഒതുങ്ങി കഴിയാൻ തുടങ്ങിയിട്ട് ഒന്നരവർഷമാകാറായി. ഇത്തവണയെങ്കിലും സ്‌കൂളുകൾ തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയും വീണ്ടും ലോക്‌ഡൗൺ പ്രഖ്യാപിക്കുകയും കൂടി ചെയ്തതോടെ ആ പ്രതീക്ഷയും ഇല്ലാതാക്കി. ഏറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു ജില്ലയിലെ കൊവിഡ് കാലത്തെ അദ്ധ്യയന വർഷം. ആദിവാസി മേഖലയിലെ കുട്ടികളുടെ ഓൺലൈൻ പഠനമടക്കം പല തവണ നിലച്ചു. വൈദ്യുതിയും മൊബൈൽഫോണുകളും ഇല്ലാത്ത വീടുകളാണ് ഇവിടങ്ങളിൽ അധികവും. പലയിടങ്ങളിലും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇവ എത്തിച്ചു നൽകിയെങ്കിലും നെറ്റ് വർക്ക് കവറേജില്ലാത്തതും പഠനം പ്രതിസന്ധിയിലാക്കി. ഓൺലൈൻ ക്ലാസുകളുടെ സേവനം തീരെ ലഭിക്കാത്ത ഒരുപറ്റം വിദ്യാർത്ഥികളും ജില്ലയിലെ അതിർത്തി മേഖലകളിലുള്ള ആദിവാസി ഗ്രാമങ്ങളിലുണ്ട്. ഇവരുടെ കൈകളിൽ ആൻഡ്രോയ്ഡ് ഫോണുകളും ലാപ്‌ടോപ്പും ടാബും ഒന്നുമില്ല. ഇതൊക്കെ ഉണ്ടായിരുന്നാലും വേണ്ട നെറ്റ് വർക്ക് കവറേജും ലഭ്യമല്ല. ജില്ലയുടെ വിവിധ മേഖലകളിൽ നെറ്റ്‌വർക്ക് സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളടക്കമുള്ളവരുടെ യോഗം പല തവണ ചേർന്നെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ട് തന്നെ സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഈ അദ്ധ്യയന വർഷത്തിലും ഓൺലൈൻ ക്ലാസുകൾ തുടങ്ങിയാലും ആദിവാസി കുടികളിൽ ഓൺലൈൻ ക്ലാസുകൾക്ക് ബദൽ സംവിധാനമൊരുക്കിയില്ലെങ്കിൽ ഇവരുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലാകും.
ബാധിക്കുന്നത് മാനസിക ആരോഗ്യത്തെയും
വീടുകളിൽ മാത്രം കുട്ടികൾ കഴിഞ്ഞു കൂടുന്നത് ഒട്ടേറെ മാസസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ പെരുമാറ്റത്തിലും ജീവിത ശീലങ്ങളിലും മാറ്റം സംഭവിച്ചതായും അദ്ധ്യാപകരും ആരോഗ്യ വിദഗ്ദ്ധരും വിലയിരുത്തുന്നു. ആരോഗ്യവകുപ്പിന് കീഴിലെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കൊവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച 'ഒറ്റക്കല്ല ഒപ്പമുണ്ട് ' പദ്ധതി പ്രകാരം ജില്ലയിലെ 48819 കുട്ടികളുമായി ഇതുവരെ സ്‌കൂൾ കൗൺസിലർമാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിൽ 6021 കുട്ടികൾക്ക് കൗൺസിലിംഗ് നൽകി. ഇതിൽ 333 കുട്ടികൾ മാനസിക സമ്മർദവും 248 പേർ അമിതമായ ഉത്കണ്ഠയും 158 പേർ പെരുമാറ്റപ്രശ്‌നങ്ങളും 4968 പേർ മറ്റ് വിവിധതരം പ്രശ്‌നങ്ങളും അനുഭവിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. അഞ്ച് പേരിൽ ആത്മഹത്യ പ്രവണതയും ശ്രദ്ധയിൽപ്പെട്ടു.