രാജാക്കാട്: സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ മരുന്നു തളിച്ചതിനെ തുടർന്ന് സമീപത്തെ വീട്ടിലെ മൂന്ന് കൊവിഡ് രോഗികളെ ശ്വാസം മുട്ടലും ശാരീരിക പ്രയാസവും മൂലം അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ വട്ടക്കണ്ണിപാറ ഈട്ടിച്ചോടിന് സമീപമാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ ഒരു കുടുംബത്തിലെ ഒരു ഭർത്താവും ഭാര്യയും ഇവരുടെ അഞ്ചു വയസുള്ള കുട്ടിയും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ സമീപത്തെ ഏലത്തോട്ടത്തിൽ പ്രയോഗിച്ച വിഷത്തിന്റെ രൂക്ഷഗന്ധം അടിച്ചപ്പോൾ ഇവരുടെ നില കൂടുതൽ വഷളാവുകയും ഇവർ ഉച്ചത്തിൽ മരുന്ന് തളിക്കുന്നവരോട് വിഷം തളിക്കുന്നത് നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ജോലിക്കാർ നിറുത്താൻ തയ്യാറായില്ലെന്ന് രോഗികൾ പറയുന്നു. തുടർന്ന് ഇവർക്ക് അല്പ സമയത്തിനു ശേഷം ശ്വാസം എടുക്കാൻ പ്രയാസം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പൊലിസിൽ വിവരം അറിയിക്കുകയും ഇവരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് ആംബുലൻസ് സേവനം നൽകണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ആംബുലൻസ് സേവനം ലഭിക്കാൻ കാല താമസം നേരിട്ടതിനെ തുടർന്ന് അതുവഴി വന്ന സ്വകാര്യ വ്യക്തിയുടെ ജീപ്പിൽ നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്ററിൽ എത്തിച്ചു. ഇതിൽ പുരുഷന്റെ നിലയാണ് കൂടുതൽ വഷളായത് ഇയാൾക്ക് ആശുപത്രി അധികൃതർ ഓക്‌സിജൻ നൽകിയിരിക്കുകയാണ്. അമ്മയെയും കുഞ്ഞിനെയും കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷകൾ നൽകി.