രാജാക്കാട്: ചെമ്മണ്ണാറിൽ മലയിടിച്ചിലിലുണ്ടായ ഭാഗത്ത് നിന്ന് 3 കുടുംബങ്ങൾ സ്ഥലം മാറി. അവശേഷിക്കുന്ന 9 കുടുംബങ്ങൾ സ്ഥലത്ത് തുടരുന്നത് ആശങ്ക കൂട്ടുന്നു. ഇന്ന് സ്ഥലത്ത് മൈനിങ് ആന്റ് ജിയോളജി വകുപ്പ് പരിശോധന നടത്തും.
അപകട സാദ്ധ്യത മുന്നിൽ കണ്ട് തഹസിൽദാരുടെ നിർദേശ പ്രകാരം വില്ലേജ് ഓഫീസറാണ് 12 കുടംബങ്ങളോട് മാറി താമസിക്കാനാവശ്യപ്പെട്ട് കത്ത് നൽകിയത്. ഇതിൽ രണ്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയപ്പോൾ മാരിപ്പുറം ജോണിയും കുടുംബത്തെയും സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി. കൂടുതൽ കുടുംബങ്ങളെത്തായാൽ ഇവരെ സ്‌കൂളിലേക്ക് മാറ്റു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഏഴരയേക്കർ പ്രതാപ് ഭാഗത്ത് വൻ മലയിടിച്ചിലുണ്ടായത്.
സമീപത്തുണ്ടായിരുന്ന പടുതാക്കുളം കൂടി തകർന്നതോടെ ഉരുൾപൊട്ടൽ പോലെ കല്ലും മണ്ണും താഴെ ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തി. ഇടിഞ്ഞുവന്ന കല്ലും ചെളിയും മലഞ്ചെരുവിലെ മരങ്ങളിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ വിഷയത്തിൽ ജില്ലാ കളക്ടർക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.