ചെറുതോണി. മരിയാപുരം ഗ്രാമ പഞ്ചായത്തിന്റെയും ഫാമിലി ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ടെലി മെഡിസിൻ സൗകര്യം ആരംഭിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മരിയാപുരത്തും സമീപത്തുമുള്ള പ്രായമായവർക്കും ദുരിതമനുഭവിക്കുന്നവർക്കും സഹായമായാണ് പുതിയ സംവിധാനം.കൊവിഡ് 19 രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ദുരിതമനുഭവിക്കുന്ന ആളുകൾകൾക്ക് ചികിത്സാ സൗകര്യം എത്തിക്കുവാനാണ് മരിയാപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടെലി മെഡിസിൻ ആരംഭിച്ചതെന്ന് മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അറിയിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ രോഗികൾക്ക് 8681834703, 9947499243, 8921407800 എന്നീ നമ്പരുകളിൽ വാട്ട്‌സ്ആപ്പ് വീഡിയോ കോളുവഴി ഡോക്ടർമാരുടെ സേവനം ഉപയോഗിക്കാമെന്ന് മരിയാപുരം ഫാമിലി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ എസ്. ദത്തൻ പറഞ്ഞു. ടെലി മെഡിസിൻ ഉപയോഗപ്പെടുത്തുന്നവരുടെ വീട്ടിൽ നിന്ന് ആരെങ്കിലും മരുന്ന് ആശുപത്രിയിൽ വന്ന് വാങ്ങാൻ സാധിക്കാതെ വന്നാൽ അതിനായി വോളണ്ടിയർമാരുടെ സേവനം സുസജ്ജമാണെന്ന് മരിയാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു പോൾ അറിയിച്ചു.