തൊടുപുഴ: കൊവിഡ് കാലത്ത് വൃദ്ധജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്താൻ കോൾസെന്റർ ആരംഭിച്ചു.കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതിന്റെ പശ്ഛാത്തലത്തിലാണ് ജില്ലാ സാമൂഹ്യനീതിവകുപ്പ് മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത ഏറ്റെടുത്ത് അവർക്കായി സേവനങ്ങൾ ഉറപ്പാക്കുന്നത്. റിവേഴ്സ് കോറന്റയിനിൽ കഴിയുന്ന മുതിർന്ന പൗരൻമാരുടെ ആരോഗ്യപ്രശ്നങ്ങളും അടിയന്തിര ആവശ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും.കൊവിഡ് കാലത്ത് വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്ക് തങ്ങൾ ഒറ്റപ്പെട്ട തുരുത്തിൽ താമസിക്കുന്നവരെന്ന തോന്നൽ ഉണ്ടാകുകയും കടുത്ത മാനസിക സംഘർഷത്തിലാവുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട് അവർക്കും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പൈനാവ് എഞ്ചിനിയറിംഗ് കോളേജിലാണ് സാമൂഹ്യനീതി വകുപ്പ് കോൾ സെന്റർ ആരംഭിച്ചത്.

ലോക് ഡൗൺ നിയന്ത്രണങ്ങളുള്ള കാലഘട്ടത്തിൽ വയോജനങ്ങൾ നേരിടുന്ന ശാരീകരിക മാനസിക പിരിമുറുക്കങ്ങൾക്ക് ടെലി കൗൺസിലിംഗ് മുഖേനെ ആശ്വാസമേകും. കൊവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന വയോജനങ്ങളെ സഹായിക്കുന്നതിന് കോൾ സെന്ററിനോട്ചേർന്ന് വയോജനങ്ങൾക്കായി വാക്സിനേഷൻ രജിസ്ട്രേഷൻ സഹായകേന്ദ്രവും ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. ജെ. ബിനോയി അറിയിച്ചു. കൊവിഡ് കോൾ സെന്റർ, വാക്സിൻ സഹായകേനദ്രം എന്നിവടങ്ങളിലേയ്ക്ക് ബന്ധപ്പെടാൻ . 04862-268000 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.