ഇടുക്കി : റോഡരികിൽ പ്ലാസ്റ്റിക്ക് നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്ത വ്യാപാരിയ്ക്ക് 10,000 പിഴയീടാക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നൽകി.കാമാക്ഷി ഗ്രാമപ്പഞ്ചായത്തിലെ നീലിവയലിലെ വ്യാപാരിയ്ക്കാണ് ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നൽകിയത്.ജനവാസമേഖലയിലെ റോഡരികിൽ തുടർച്ചയായി പ്ലാസ്റ്റിക്ക് കത്തിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്തധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തി പിഴയീടാക്കുന്നതിന് നോട്ടീസ് നൽകിയത്.
ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമ്മ സേന പ്രവർത്തിക്കുന്നുണ്ട്.എന്നാൽ അവർക്ക് പ്ലാസ്റ്റിക്കും മറ്റ് പാഴ് വസ്തുക്കളും കൈമാറാതെ ദിവസവും വൈകിട്ട് റോഡരികിൽ കത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. നടപടിയെടുക്കാൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
സെക്രട്ടറി എം ഹാരിസ്ഖാൻ,അസി. സെക്രട്ടറി ജയ കെ ബി, സെക്ഷൻ ക്ലർക്ക് രശ്മി എന്നിവർ ചേർന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തി പിഴയീടാക്കുന്നതിന് നടപടി സ്വീകരിച്ചത്.മാലിന്യ അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച ബില്ലും മറ്റു തെളിവുകളും വെച്ചാണ് ആളെ കണ്ടെത്തിയത്.