accused

കുമളി: തമിഴ്‌നാട്ടിൽ നിന്ന് കുമളി എക്‌സൈസ് ചെക്പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച മദ്യവും നിരോധിത കീടനാശിനിയുമായി രണ്ട് പേർ പിടിയിൽ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പത്തുമുറി മേപ്പാറ സ്വദേശികളായ മുത്തു കുമാർ (32), പ്രകാശ് (32) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 2.59 ലിറ്റർ മദ്യവും 300 കിലോ നിരോധിത കീടനാശിനിയായ ഫുരിഡാനുമാണ് സംഘം പിടിച്ചെടുത്തത്. കേരളത്തിൽ നിരോധിച്ചിട്ടുള്ള കീടനാശിനിയാണ് പിടികൂടിയത്. കീടനാശിനികൾ കൃഷി വകുപ്പിന് തുടർ നടപടികൾക്കായി കൈമാറി. മദ്യം കടത്തികൊണ്ട് വന്നതിന് പ്രതികളുടെ പേരിൽ കേസെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെയും തൊണ്ടിമുതലുകളും വാഹനവും വണ്ടിപ്പെരിയാർ എക്‌സൈസ് റെയിഞ്ചാഫീസിലേയ്ക്ക് കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ. റോയ്, ആഫീസർമാരായ രവി വി, രാജ്കുമാർ ബി, സജിമോൻ ജി. തുണ്ടത്തിൽ, അനീഷ് ടി.എ എന്നിവർ ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.