ഇടുക്കി: ജില്ലയിൽ കൂടുതൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിലും പീരുമേട് താലൂക്ക് ആശുപത്രിയിലും ഉടൻ പ്ലാന്റുകൾ ആരംഭിക്കും. ഇടുക്കി മെഡിക്കൽ കോളേജിലെ രണ്ടാമത്തെ പ്ലാന്റും ഉടൻ ആരംഭിക്കും. ഇതിന്റെ ടെണ്ടർ സ്വീകരിക്കുന്നതിനുള്ള പ്രാഥമിക നടപടി ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഇപ്പോൾ എറണാകുളത്ത് നിന്ന് എത്തിക്കുന്ന ഓക്‌സിജനാണ് സർക്കാർ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് ആശ്വാസം പകരുന്നത്. ഇപ്പോൾ ഉപയോഗം മുമ്പത്തേക്കാൾ പത്തിരട്ടി വർദ്ധിച്ചിട്ടുണ്ട്. വേണ്ടത്ര വേഗത്തിൽ ഓക്‌സിജൻ സിലിണ്ടർ വിതരണം സാധ്യമാകുന്നില്ല. എറണാകുളത്ത് കൊവിഡ് വാർ റൂമിൽ ഇടുക്കി ജില്ലയുടെ കാര്യം നോക്കുന്നതിനായി ഒരു ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിൽ പുതിയ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനക്ഷമമായിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ അടിയന്തരമായി ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. മെഡി. കോളേജ് പദവിയുള്ള ആശുപത്രികളിൽ പോലും ഓക്‌സിജൻ പ്ലാന്റ് ഇല്ല. പീരുമേട് താലൂക്കാശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമായിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഇടുക്കിയിൽ ശേഷി കൂടിയ കേന്ദ്രീകൃത ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം സുഗമമായി നടത്താമെന്ന് യോഗം വിലയിരുത്തി. പീരുമേട്ടിൽ പൂട്ടിക്കിടക്കുന്ന ആശുപത്രികളുണ്ടെങ്കിൽ അത് തുറക്കാൻ നടപടി സ്വീകരിക്കണമെന്ന നിയുക്ത എം.എൽ.എ വാഴൂർ സോമന്റെ നിർദ്ദേശം പരിശോധിക്കും.

സാധനങ്ങൾ

ഒരുമിച്ച് വാങ്ങുക

ജില്ലയിൽ ലോക്ക്‌‌ഡൗൺ വരും ദിനങ്ങളിലും കർശനമായി തുടരും. പ്രധാന മാർക്കറ്റുകളിൽ ജനങ്ങൾ അനാവശ്യമായി എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചിലർ പുറത്തിറങ്ങുക എന്ന ലക്ഷ്യത്തോടെ ഓരോ സാധനം ഓരോ ദിവസവും വന്ന് വാങ്ങുന്നു. ഇതൊഴിവാക്കണം. ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ പറഞ്ഞു. കഴിവതും ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ ഒന്നിച്ചു വാങ്ങി പോകണം. അതല്ലെങ്കിൽ അവ വാങ്ങാൻ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടണം. ജനങ്ങളുടെ സേവനത്തിനായി സന്നദ്ധ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു.