ഇടുക്കി: കൊവിഡ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യത്തിൽ റംസാൻ കഴിഞ്ഞ വർഷം ആഘോഷിച്ചപോലെ വീടുകളിൽത്തന്നെയാക്കി സഹകരിച്ചാൽ കൊവിഡ് വ്യാപനത്തിന്റെ കുറവ് നിലനിർത്താൻ കഴിയുമെന്ന് ജില്ലാ കലക്ടർ മൗലവിമാരെ ഓർമ്മിപ്പിച്ചു. റംസാൻ നോമ്പുതുറ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ ജില്ലാ കളക്ടർ ഓൺലൈനായി വിളിച്ചുചേർത്ത യോഗത്തിൽ മുസ്ലീം മത മേലദ്ധ്യക്ഷൻമാർ നിശ്ചിത സംഖ്യയാളുകളെ പള്ളിയിൽ അനുവദിക്കണമെന്ന ആവശ്യപ്പെട്ടപ്പോഴാണ് കലക്ടർ ഇങ്ങനെ പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ ഇളവ് അനുവദിക്കാൻ കഴിയില്ല. എങ്കിലും ഉന്നയിച്ച ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അനുകൂല തീരുമാനമുണ്ടായാൽ അറിയിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. തൊടുപുഴ, ഇടുക്കി, കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഓൺലൈനായി യോഗത്തിൽ സംബന്ധിച്ചത്.