ജില്ലയിൽ ഐ.സി.യു- വെന്റിലേറ്റർ ബെഡുകൾ ഒഴിവില്ല
തൊടുപുഴ: കൊവിഡ് രോഗികളെ ചികിത്സിയ്ക്കാനായി ജില്ലയിൽ ഐ.സി.യു- വെന്റിലേറ്റർ കിടക്കകൾ ഒഴിവില്ലാത്ത അതീവ ഗുരുതരമായ സ്ഥിതി. കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയ ജില്ലയിലെ ഐ.സി.യു കിടക്കകളെല്ലാം നിറഞ്ഞ സ്ഥിതിയാണ്. മൂന്ന് വെന്റിലേറ്ററുകൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിന്ന് വ്യക്തമാകുന്നു. എന്നാൽ അതുപോലും ലഭ്യമല്ലെന്നാണ് ആശുപത്രികളിൽ ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന വിവരം. സർക്കാർ- സ്വകാര്യ മേഖലകളിലായി 25 ആശുപത്രികളാണ് ജില്ലയിൽ കൊവിഡ് ചികിത്സ നൽകുന്നത്. ഇവിടങ്ങളിൽ 129 ഐ.സി.യു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതിലെല്ലാം രോഗബാധിതർ എത്തിയിരിക്കുകയാണ്. 51 വെന്റിലേറ്ററുകളുണ്ടായിരുന്നു. അതിൽ 48ലും രോഗികളുണ്ട്. ഓക്‌സിജൻ കിടക്കൾ 137 എണ്ണം സജ്ജമാക്കിയിരുന്നെങ്കിലും 31 എണ്ണം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഗുരുതര രോഗലക്ഷണങ്ങളുള്ള 222 പേർ ജില്ലയിൽ ചികിത്സയിലുണ്ടെന്നാണ് ജാഗ്രതാ പോർട്ടലിൽ പറയുന്നത്. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. കൂടുതൽ പേരുടെ നില വഷളായാൽ വലിയ പ്രശ്‌നമാകും.
രോഗികൾ കുറയാത്തത് പ്രശ്നം
ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ തന്നെ നിൽക്കുന്നതാണ് ജില്ലയിലെ പ്രധാന പ്രതിസന്ധി. പൊതുവെ ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ജില്ലയാണ് ഇടുക്കി. ഇടുക്കി മെഡിക്കൽ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും മാത്രമാണ് സർക്കാർ മേഖലയിൽ ഭേദപ്പെട്ട ചികിത്സ ലഭ്യമാകുന്നത്. അതുകഴിഞ്ഞാൽ സ്വകാര്യ മേഖലകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മുമ്പായിരുന്നെങ്കിൽ എറണാകുളത്തേക്കോ കോട്ടയത്തേക്കോ രോഗികളെ കൊണ്ടു പോകാമായിരുന്നു. ഇപ്പോൾ ഈ രണ്ട് ജില്ലകളിലും കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ പരിമിതികളുണ്ട്. മാത്രമല്ല എറണാകുളത്ത് നിന്നടക്കം രോഗികൾ ചികിത്സ തേടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിലേക്കും എത്തുന്ന സാഹചര്യമുണ്ട്.
പ്രതിസന്ധി മറികടക്കാൻ ശ്രമം
പ്രതിസന്ധി പരമാവധി ശ്രമിക്കുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. തൊടുപുഴ ജില്ലാ ആശുപത്രിയിലെ മൂന്ന് നിലകൾ പൂർണമായും കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുകയാണ്. ഇവിടെ നൂറ്റിയിരുപതോളം ഐ.സി.യു/ ഓക്‌സിജൻ കിടക്കൾ ഓരുക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. കൂടാതെ അടിമാലി താലൂക്ക് ആശുപത്രിയെയും കൊവിഡ് ആശുപത്രിയായി ഉയർത്തും. മൂന്നാർ ശിക്ഷക് സദനിലെ ഡി.സി.സിയിൽ വെന്റിലേറ്ററും ഓക്‌സിജൻ പാർലറും ഒരുക്കും. എല്ലാ താലൂക്ക് ആശുപത്രികളിലെയും അഞ്ച് ഐ.സി.യു ബെഡുകൾ കൂടി കൊവിഡ് രോഗ ബാധിതർക്കായി മാറ്റി വയ്ക്കും.
''ജില്ലയിൽ വിവിധ ആശുപത്രികളിലെ കിടക്കകളുടെ കുറവ് ഉടൻ പരിഹരിക്കും. തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കും. വണ്ടന്മേട് പി.എച്ച്.സിയിലും ഇടുക്കി പാറേമാവ് ആയുർവേദ ആശുപത്രിയിലും അടുത്ത ഘട്ടത്തിൽ കിടക്കകൾ കൂട്ടും. "
- ജില്ലാ കളക്ടർ എച്ച്. ദിനേശൻ