അടിമാലി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തുകൾ കൂടുതൽ ഊർജ്ജിതമാക്കി . കൊവിഡ് വ്യാപനം രൂക്ഷമായ അടിമാലി, രാജക്കാട് , രാജകുമാരി തുടങ്ങിയ പഞ്ചായത്തുകളിൽ ഡൊമിസലറി കെയർ സെന്റർ സജ്ജമാക്കി. അടിമാലി ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്ററിന് പുറമെ ഇരുമ്പുപാലം ട്രൈബൽ ഹോസ്റ്റലിൽ ഡൊമിസലറി കെയർ സെന്ററും തയ്യാറാക്കി.യുവജന പ്രവർത്തകരുടെ സഹായത്തോടെയായിരുന്നു കെട്ടിടത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നൂറ് കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്തധികൃതർ അറിയിച്ചു.അവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ ആംബുലൻസ് ഉൾപ്പെടെ 5 വാഹനങ്ങളും പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. രോഗ ബാധിതരായി നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണവും ഭക്ഷണകിറ്റും എത്തിച്ച് നൽകും. രോഗ വ്യാപനം നിയന്ത്രിക്കാനും സഹായമെത്തിക്കാനും ലക്ഷ്യമിട്ട് പഞ്ചായത്തിൽ തുറന്നിട്ടുള്ള കോൾ സെന്ററും ഹെൽപ്പ് ഡെസ്‌ക്കും സജീവമായി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജകുമാരി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഡൊമിസിലറി കൊവിഡ് കെയർ സെന്റർ (ഡിസിസി) സജ്ജീകരിച്ചു.രാജകുമാരിയിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും, രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് കൊവിഡ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. നിലവിൽ 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ 100 പേർക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൊവിഡ് ബാധിതരായ സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കും. സെന്ററിൽ ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനം ലഭ്യമാകും. അവശ്യഘട്ടങ്ങളിൽ ആംബുലൻസ് സേവനവും ലഭ്യമാണ്.