വെള്ളിയാമറ്റം: കൊവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കുന്നതിന് 5000 രൂപ ഫീസ് ഈടാക്കാനുള്ള ശ്രമം ജില്ലാ കളക്ടർ ഇടപ്പെട്ട് പരിഹരിച്ചു. വെള്ളിയാമറ്റം പഞ്ചായത്തിലെ പൊതുശ്മശാനമായ വിഹായസിലാണ് സംഭവം. നിർധന കുടുംബത്തിലെ അംഗമായ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ച മേത്തൊട്ടി സ്വദേശിയുടെ മൃതദേഹം സംസ്‌കാരത്തിനായി ഇവിടെ എത്തിച്ചപ്പോഴാണ് വലിയ തുക ഫീസ് നൽകണമെന്നാവശ്യപ്പെട്ടത്. നിർധന കുടുംബത്തിന് ഈ തുക നൽകാൻ കഴിയുമായിരുന്നില്ല. തുടർന്ന് പൊതുപ്രവർത്തകർ വിവരം ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് കളക്ടർ ഇടപ്പെട്ട് തുക അടപ്പിക്കാതെ തന്നെ സംസ്‌കാരത്തിന് ക്രമീകരണം ഒരുക്കി. എന്നാൽ പഞ്ചായത്തിന്റെ പൊതു ശ്മശാനത്തിൽ സംസ്‌കാരം നടത്താൻ നിലവിൽ 5000 രൂപയാണ് ഫീസെന്നും ഈ തുക കുറവ് ചെയ്യണമെങ്കിൽ പുതിയ ബൈലോ ഭേദഗതി അംഗീകരിച്ചു സർക്കാർ ഉത്തരവ് ആവശ്യമാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. കൊവിഡ് രോഗികളുടെ സംസ്‌കാരം സൗജന്യമായി നടത്തുന്നതിന് പഞ്ചായത്തിന് എതിർപ്പില്ലെന്നും അധികൃതർ പറഞ്ഞു.