തൊടുപുഴ: നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് ഓക്‌സിജൻ സിലിണ്ടറുമായി വന്ന വാഹനം നിയന്ത്റണം വിട്ട് മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ എറണാകുളത്തെ പാതാളത്ത് നിന്ന് ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറിയാണ് തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഗാന്ധി സ്‌ക്വയറിലെ ഡിവൈഡറിലേക്ക് ഇടിച്ചു മറിയുകയായിരുന്നു. വാഹനത്തിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രി, താലുക്കാശുപത്രി, ന്യൂമാൻ കോളേജിലെ കൊവിഡ് സെന്ററർ എന്നിവിടങ്ങളിലേക്കുണ്ടായിരുന്ന 36 സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. തൊടുപുഴ ഫയർഫോഴ്‌സ്, പൊലീസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ മറ്റ് രണ്ട് വാഹനങ്ങളിലായി സിലിണ്ടറുകൾ അതത് സ്ഥലത്ത് എത്തിച്ചു. തൊടുപുഴ ഡിവൈ.എസ്.പിയുടെ താത്കാലിക ചുമതലയുള്ള എ.ജി. ലാൽ, സി.ഐ സുധീർ മനോഹർ, ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ആഫീസർ പി.വി. രാജൻ, സീനിയർ ഫയർ ആഫീസർ ടി. അലിയാർ, യുവജന കമ്മിഷൻ ജില്ലാ കോർഡിനേറ്റർ ആർ. പ്രശോഭ്, എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ലിനു ജോസ്, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ തുടങ്ങിവർ നേതൃത്വം നൽകി.