തൊടുപുഴ: ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ നഷ്ടമായ താലിമാല പൊലീസിന്റെ സഹായത്തോടെ വീട്ടമ്മയ്ക്ക് തിരികെ കിട്ടി. കല്ലൂർക്കാട് മണിയന്ത്രം സ്വദേശി ആച്ചക്കോട്ടിൽ ബിന്ദുരതീഷിന്റെ അഞ്ചു ഗ്രാമിന്റെ താലി മാലയാണ് തിരികെ ലഭിച്ചത്. തിങ്കളാഴ്ച കൊവിഡാനന്തര ചികിത്സയ്ക്കായി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പോയി വീട്ടിലെത്തിയപ്പോഴാണ് ബിന്ദുമാല നഷ്ടമായ കാര്യം അറിയുന്നത്. ആശുപത്രിയിൽ എക്സ്‌റേയ്ക്കായി മാല ഊരിയ ശേഷം തിരികെ ഇട്ടിരുന്നു. ഭർത്താവ് രതീഷിനൊപ്പം സ്കൂട്ടറിലാണ് ആശുപത്രിയിലേക്ക് പോയതും വന്നതും. ഉടൻ തന്നെ ആശുപത്രിയിലും പോയ വഴിയിലുമെല്ലാം തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. ഇതിനിടെ ലോക്ക്ഡൗൺ പരിശോധനയ്ക്കായി കുമാരമംഗലം പാറയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് മാല പോയ വിവരം പറഞ്ഞിരുന്നു. ഇവരുടെ നിർദേശപ്രകാരം തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഇവർ പരാതിയും നൽകിയിരുന്നു. ഇന്നലെ പാൽ വാങ്ങാൻ പോയ മൈലക്കൊമ്പ് തുരുത്തിപ്പിള്ളിൽ ജോണി ജോണിന് പാറയിൽ തന്നെ റോഡിൽ നിന്ന് സ്വ‌ർണ മാല കിട്ടി. ഇത് സമീപത്തെ കടയിൽ ജോണി ഏൽപ്പിച്ചു. തുടർന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് പൊലീസ് ബിന്ദുവിനെ വിളിച്ച് നഷ്ടപ്പെട്ട മാല തന്നെയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം തിരികെ ഏൽപ്പിക്കുകയായിരുന്നു.