ഇടുക്കി: കൊയ്‌നാട്, പുറക്കയം, ചെറുവള്ളിക്കുളം, കണയങ്കവയൽ പ്രദേശങ്ങളിൽ സമീപകാലങ്ങളിലായി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന കാട്ടാന ശല്യത്തിനെതിരെ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കാട്ടാനയെ തുരത്തി കൃഷിയിടങ്ങളെയും ജനങ്ങളെയും സംരക്ഷിയ്ക്കുന്നതിന് അധികൃതർ തയ്യാറാകണം. കൊവിഡ് 19 മഹാമാരിയെ തുടർന്ന്‌തൊഴിൽ നഷ്ടവും വിലത്തകർച്ചയും മൂലം നട്ടം തിരിയുന്ന കർഷകരുടെ മേൽ ഇടിത്തീ പോലെയാണ് കാട്ടുമൃഗങ്ങളുടെ ആക്രമണം. ജനങ്ങൾ വീടുകളിൽ കഴിയുകയും ഗവൺമെന്റ് സംവിധാനങ്ങൾ കൊവിഡ് പ്രതിരോധ നടപടികളിൽ വ്യാപൃതരാകുകയും ചെയ്യുമ്പോൾ വനംവകുപ്പ് കാഴ്ചക്കാരായി നോക്കി നിൽക്കാതെ ജനവാസമേഖലകളിൽ നിന്നും കാട്ടുമൃഗങ്ങളെ തുരത്തണം. ഈ കാര്യത്തിൽ വനംവകുപ്പിന്റെ എല്ലാ സംവിധാനങ്ങളും പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി പ്രാവർത്തികമാക്കുകയും വേണമെന്ന് കോട്ടയം ഡി.എഫ്.ഓയോടും,ഹൈറേഞ്ച് സർക്കിൾ ഫോറസ്റ്റ് കൺസർവേറ്ററോടും എം.പി ആവശ്യപ്പെട്ടു.