ഇടുക്കി: മരുന്നിനേക്കാൾ മധുരതരമായ പെരുമാറ്റത്തിലൂടെ രോഗിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന നഴ്‌സ് സമൂഹത്തിന് അനുമോദനമേകാൻ ലഭിക്കുന്ന അവസരം തന്നെ അഭിമാനകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. . ജില്ലാ ഭരണകൂടം ലോക നഴ്‌സസ് ദിനത്തിൽ ജില്ലയിലെ നഴ്‌സുമാരെ ആദരിക്കാൻ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കലക്ട്രേറ്റിൽ നടത്തിയ ലളിതമായ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. തിരഞ്ഞെടുത്ത നഴ്‌സുമാർ അവാർഡ് ഏറ്റുവാങ്ങി. പീരുമേട് താലൂക്ക് ആശുപത്രിയിലെ നിഷ റ്റി.വി, പുറപ്പുഴ കമ്മ്യൂണിറ്റി സെന്ററിലെ ഏല്യാമ്മ വി.സി, അടിമാലി താലൂക്ക് ആശുപത്രിയിലെ ഓമന എം. കെ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഷീൽഡും ജില്ലാ വിമൺസ് കൗൺസിലിന്റെ അനുമോദന പത്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. ജില്ലാ കലക്ടർ എച്ച് ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, ജില്ലാ വിമൺസ് കൗൺസിൽ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രാഹാം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ വിമൺസ് കൗൺസിൽ ജോ. സെക്രട്ടറി ഗ്രേസ് ആന്റണി, ഡെ. കലക്ടർമാരായ എസ്. ബിന്ദു, ടി.വി. രഞ്ജിത്ത്, ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, ആർ സി എച്ച് ഓഫീസർ ഡോ. സുരേഷ് വർഗീസ്, ഡി പിഎം ഡോ. സുജിത് സുകുമാരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി നിഷാദ്‌മോൻ വി.എ തുടങ്ങിയവർ സംബന്ധിച്ചു.