തൊടുപുഴ: പ്രതിദിന കൊവിഡ് രോഗികൾ വർദ്ധിച്ചതോടെ ഇപ്പോൾ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ നെട്ടോട്ടമോടുന്ന ജില്ലാ ഭരണകൂടം നേരത്തെ

ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി നൽകിയ മുന്നറിയിപ്പ് അവഗണിച്ചതായി ആക്ഷേപം. ജില്ലയിൽ കൊവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പു വരുത്തണമെന്നാണ് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി കഴിഞ്ഞ വർഷം തന്നെ നിർദേശിച്ചത്. ജില്ലാ ലീഗിൽ സർവീസസ് സെക്രട്ടറിയായിരുന്ന ദിനേശ് എം. പിള്ള തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടത്തിയ സന്ദർശനത്തിനു ശേഷമായിരുന്നു ഈ നിർദേശം നൽകിയത്. ഇതിൽ പ്രധാനം പ്രമുഖ സർക്കാർ ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുകയെന്നതായിരുന്നു. ജില്ലയിൽ സർക്കാർ ആശുപത്രിയ്ക്കു പുറമെ ഉന്നത നിലവാരമുണ്ടെന്ന് പറയപ്പെടുന്ന ആശുപത്രികളിൽ പോലും ഓക്‌സിജൻ പ്ലാന്റില്ല. നിലവിൽ തൊടുപുഴയിലെ ചാഴികാട്ട് ആശുപത്രിയിൽ മാത്രമാണ് ജില്ലയിൽ ഓക്‌സിജൻ പ്ലാന്റ് ഉള്ളത്. ആയിരം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കഞ്ചിക്കോട്ട് നിന്നാണ് ഇവിടേക്ക് ഓക്‌സിജനെത്തുന്നത്. കൂടാതെ ഇവിടെ സിലിണ്ടറുകളിലും ഓക്‌സിജൻ എത്തുന്നുണ്ട്. അതിനാൽ ഇവിടെ നിലവിലുള്ള സാഹചര്യത്തിൽ ഓക്‌സിജൻ ക്ഷാമം അനുഭവപ്പെടുന്നില്ല. ഇപ്പോൾ രോഗ വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂടുതൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. ഇടുക്കി മെഡിക്കൽ കോളജിൽ അടുത്ത നാളിലാണ് ഓക്‌സിജൻ പ്ലാന്റ് പ്രവർത്തന സജ്ജമായത്. തൊടുപുഴ ജില്ലാ ആശുപത്രിയിലും പീരുമേട് താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളജിലെ രണ്ടാമത്തെ പ്ലാന്റും ഉടൻ ആരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതു നടപ്പിലാകണമെങ്കിൽ ഇനിയും കാലതാമസമെടുക്കും. ഇപ്പോൾ എറണാകുളത്ത് നിന്ന് എത്തിക്കുന്ന ഓക്‌സിജൻ സിലിണ്ടറുകൾ ഉയോഗിച്ചാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് നൽകുന്നത്. ഇപ്പോൾ ഉപയോഗം പതിൻമടങ്ങായി വർദ്ധിച്ചതിനാൽ ഓക്‌സിജൻ സിലിണ്ടറുകൾക്ക് ആവശ്യവും വർദ്ധിച്ചു. ലീഗൽ സർവീസസ് അതോറിട്ടി നൽകിയ റിപ്പോർട്ട് പരിഗണിച്ച് മേജർ ആശുപത്രികളിലെങ്കിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി നേരത്തെ തയ്യാറാക്കേണ്ടിയിരുന്നെന്നാണ് ആക്ഷേപം.