തൊടുപുഴ: ശ്മശാനങ്ങളിൽ മൃതദേഹം ദഹിപ്പിക്കാൻ തലേദിവസം ബുക്ക് ചെയ്യേണ്ട സാഹചര്യം ഉടലെടുത്തിട്ടും ജില്ലയിൽ ആരും കൊവിഡ് ബാധിച്ച് മരിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പറയുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 52 പേരാണ്. കഴിഞ്ഞ ഒരു മാസമായി ഈ കണക്കിൽ ഒരു മാറ്റവുമില്ല. എന്നാൽ ശരാശരി അഞ്ച് പേരിലേറെയെങ്കിലും ദിവസവും ജില്ലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഓരോ ദിവസവും അത്രയും പേരുടെയെങ്കിലും മരണവാർത്തയും മാദ്ധ്യമങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് ചൊവ്വാഴ്ച മാത്രം 12 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. ഇടുക്കി മെഡിക്കൽ കോളേജിൽ നാലും തൊടുപുഴ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും മരിച്ചു. തൊടുപുഴ സി.എസ്.എൽ.ടി.സിയിൽ ഒരാളും മരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ ഒരു ഇടുക്കി സ്വദേശിയും അമൃത മെഡിക്കൽ കോളേജിൽ അടിമാലി സ്വദേശിയും മരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജിലും ചൊവ്വാഴ്ച ഒരു ചിന്നക്കനാൽ സ്വദേശി മരിച്ചു. ഏലപ്പാറ, രാജാക്കാട് എന്നിവടങ്ങളിലുള്ള കൊവിഡ് രോഗികൾ മരിച്ചതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഏത് ആശുപത്രികളിലാണ് ഇവർ മരിച്ചതെന്ന് വിവരമില്ല. ഇതുപോലെ ദിവസവും മരിക്കുന്നവരുടെ എണ്ണം എത്രയെന്ന് ചോദിച്ചാൽ ആരോഗ്യവകുപ്പിൽ പലർക്കും അതിന് ഉത്തരമില്ലാത്ത സ്ഥിതിയാണ്.
മൃതദേഹം സംസ്കരിക്കാൻ ബുക്ക് ചെയ്യണം
കഴിഞ്ഞ രണ്ടാഴ്ചയായി തൊടുപുഴ നഗരസഭയുടെ കീഴിലുള്ള ശാന്തിതീരം പൊതുശ്മശാനത്തിൽ ദിവസവും നാല് പേരുടെ മൃതദേഹമാണ് സംസ്കരിക്കുന്നത്. രണ്ട് ഫർണസുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചാലാണ് ദിവസവും നാല് പേരെ ശ്മശാനത്തിൽ സംസ്കരിക്കാനാകുക. തലേദിവസം വിളിച്ച് ബുക്ക് ചെയ്താൽ മാത്രമേ ഇപ്പോൾ മിക്ക ദിവസവും ശ്മശാനത്തിൽ ഒഴിവുണ്ടാകൂ എന്ന സ്ഥിതിയാണ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം ഭാഗത്ത് നിന്നുള്ള മൃതദേഹവും ഇവിടെ സംസ്കരിക്കുന്നുണ്ട്. നേരത്തെ ആഴ്ചയിൽ രണ്ടോ മൂന്നോ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നിടത്താണ് ദിവസവും നാല് മൃതദേഹങ്ങളെത്തുന്നത്. ഇതിൽ 95 ശതമാനവും കൊവിഡ് രോഗികളാണ്. ജില്ലയിലെ മറ്റ് പൊതുശ്മശാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.