monkey

നെടുങ്കണ്ടം: കേരള- തമിഴ്‌നാട് അതിർത്തി മേഖലയിൽ പട്ടിണിയിലായ വാനര സംഘത്തിന് മൃഗസ്‌നേഹികളായ ഒരു പറ്റം യുവാക്കൾ ഭക്ഷണം എത്തിച്ച് നൽകി. ലോക്ക്ഡൗണിനെ തുടർന്ന് ഇടുക്കിയിലെ പ്രധാന ടൂറിസം മേഖലയായ രാമക്കൽമേട്ടിൽ വിനോദസഞ്ചാരികൾ എത്താതായതോടെയാണ് ഭക്ഷണമില്ലാതെ കുരങ്ങുകൾ പട്ടിണിയിലായത്. വിനോദ സഞ്ചാരികളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണമാണ് പ്രദേശത്തെ നൂറുകണക്കായ കുരങ്ങുകളുടെ വയർ നിറച്ചിരുന്നത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്തിലെ 11-ാം വാർഡ് മോണിംഗ് കമ്മിറ്റി ഭാരവാഹികൾ രാമക്കൽമേട്ടിൽ സന്ദർശനം നടത്തുകയുണ്ടായി. തമിഴ്‌നാട്ടിൽ നിന്ന് കാനനപാതയിലൂടെ ജനങ്ങൾ കേരളത്തിലേയ്ക്ക് എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിനിടെ വാനര സംഘത്തിലെ പട്ടിണിയിലായ അമ്മയെയും കുഞ്ഞിനെയും സംഘാംഗങ്ങൾ കാണാനിടയായി. അപ്പോൾ തന്നെ പ്രദേശവാസികളിൽ നിന്ന് സമാഹരിച്ച പഴവർഗങ്ങൾ കുരങ്ങുകൾക്ക് നൽകി. തുടർന്ന് കൂടുതൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ എത്തിച്ച് നൽകുകയായിരുന്നു.