തൊടുപുഴ :ലക്ഷണമില്ലാത്തതും ലഘു ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുമായ കാറ്റഗറി എ കൊവിഡ് രോഗികളിൽ ആരംഭത്തിൽ ആയുർവേദം ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ഗുണം ചെയ്യുന്നതായി ആയുർവേദ വെബിനാർ. ഇത്തരക്കാരിൽ കൂടുതൽ ഗുരുതരമായ ബി, സി കാറ്റഗറിയിലേയ്ക്ക് പോകാനുള്ള സാദ്ധ്യത കുറവുള്ളതിനാൽ മരണനിരക്ക് കുറഞ്ഞേക്കുമെന്നും ഇതു തന്നെയാണ് കേന്ദ്ര ഗവേഷണഫലം സൂചിപ്പിക്കുന്നതെന്നും വെബിനാർ വിലയിരുത്തി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കൊവിഡിലെ ആയുർവേദ ഗവേഷണം, ചികിത്സ, പുനരധിവാസം, പൊതുജനാരോഗ്യത്തിലെ ഇടപെടലുകൾ എന്നീ വിഷയങ്ങളിലായിരുന്നു വെബിനാർ.ആയുർവേദ കൊവിഡ് ചികിത്സാ പദ്ധതിയായ ഭേഷജം സേവനം ലഭിച്ചവർ ഒരു ലക്ഷവും ജില്ലയിൽ ഏഴായിരത്തി അഞ്ഞൂറും കഴിഞ്ഞ സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്തുകൾ ആയുർവേദത്തിന് കൂടുതൽ ഫണ്ട് നീക്കി വച്ച് മുമ്പോട്ടു വരുന്നത് ശുഭസൂചകമാണെന്നും വെബിനാർ വിലയിരുത്തി.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ:റെൻസ് പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു എറണാകുളം സോൺ സെക്രട്ടറി ഡോ: എ.എസ്. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ: ലിജി ചുങ്കത്ത് , വൈസ് പ്രസിഡന്റ് ഡോ: മാത്യൂസ് വെമ്പിള്ളി, ഡോ: അരുൺകുമാർ എന്നിവർ സംസാരിച്ചു.എ എം എ റിസേർച്ച് ഫൗണ്ടേഷൻ സെക്രട്ടറി ഡോ: വിജയനാഥ്, ആയുർ ഹെൽപ് കോർ കമ്മറ്റി മെമ്പർ ഡോ: അരുൺകുമാർ , ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെൽ ജില്ലാകൺവീനർ ഡോ: ശ്രീ ദർശൻ ,കൊവിഡ് റെസ്‌പോൺസ് സെൽ മെമ്പർ ഡോ: ക്രിസ്റ്റി ജെ തുണ്ടിപറമ്പിൽ , കഞ്ഞിക്കുഴി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: നീതു ജോൺസൺ എന്നിവർ വെബിനാറിന് നേതൃത്യം നല്കി.