തൊടുപുഴ: "പൊടിശർക്കരയുണ്ടോ..... ആ ചോദ്യം കേൾക്കുമ്പോൾത്തന്നെ സംഗതി പിടികിട്ടും ഇല്ലന്ന് പറഞ്ഞ് ഒഴിവാക്കും". ലേക്ഡൗൺ കാലത്ത് മദ്യലഭ്യത ഇല്ലാതായതോടെ വാറ്റ്കാർ കളം പിടിക്കാൻ ഇറങ്ങിയപ്പോൾ ഡിമാന്റ് കൂടിയത് പൊടിശർക്കരയ്ക്കാണ്. ആദ്യമൊക്കെ കച്ചവടക്കാർ കാര്യമറിയാതെ നൽകിയെങ്കിലും പിന്നീട് എന്താണിതിന്റെ ഉപയോഗമെന്ന് വ്യക്തമായതോടെ പരമാവധി ഒഴിവാക്കിവിടും

എല്ലാ ദിവസവും ജില്ലയിൽ വ്യാജവാറ്റ് പിടിക്കൽ നടന്ന്കൊണ്ടിരിക്കുകയാണ്. കുടിൽവ്യവസായംപോലെ സംഗതി പലയിടത്തും നടക്കുന്നുണ്ട് എന്നാൽ ഇതൊക്കെ കണ്ടെത്തുക ഏറെ ദുഷ്ക്കരമാണെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ തേടിപ്പിച്ച് പലരെയും അകത്താക്കുന്നുണ്ട്. ലോക്ഡൗൺ കാലത്ത് വിദേശമദ്യം മാത്രമല്ല കള്ളും വിൽപ്പനയില്ലാതായോടെ രണ്ടെണ്ണം അകത്ത് ചെന്നില്ലെങ്കിൽ ഉറക്കംവരാത്തവർ എവിടെ വാറ്റ് കിട്ടും എന്ന് തപ്പി നടക്കുകയാണ്. ഒരു ലിറ്ററിന് ആയിരം എന്നത് ഇപ്പോൾ ആയിരത്തി ഇരുന്നൂറും കടന്നിട്ടുണ്ട്. ജില്ലയിൽ പലയിടങ്ങളിലായി ചാരായം വാറ്റുന്നതിനായുള്ള കോട കന്നാസ്കണക്കിനാണ് എക്സൈസ് കണ്ടെത്തിയത്. പണിതീരാത്ത വീട്ടിലും കുറ്റിക്കാട്ടിലും പശുത്തൊഴുത്തിലും എന്തിന് ശുചിമുറിയിൽവരെ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തി എക്സൈസ് കമഴ്ത്തിക്കളയുന്ന കാഴ്ച്ചകൾ നിത്യവും കണ്ട് വരുകയാണ്. എങ്കിലും വാറ്റുകാർ പൂർണ്ണമായും പിൻമാറുന്നില്ല. ആവശ്യക്കാർ ഏറെയുള്ളപ്പോൾ , ചോദിക്കുന്ന വിലനൽകി കൊണ്ടുപോകാൻ ആളുള്ളപ്പോൾ അവർ പിന്നോട്ടില്ല. എക്സൈസും അരയും തലയും മുറുക്കി രംഗത്തെത്തിയതിനാൽ കോടകണ്ടെത്തലും കമഴ്ത്തിക്കളയലും തുർക്കഥയായിമാറുകയാണ്. ലോക് ഡൗൺ നീട്ടുകകൂടി ചെയ്തതോടെ വാറ്റുകാർ ചാകരക്കൊയ്ത്തിനിറങ്ങുമെന്ന സൂചനയിൽ എക്സൈസും പൊലീസും പരിശോധനകൾ ശക്തമാക്കുകയാണ്.

വലിയ വിലകൊടുക്കേണ്ടിവരും...

വിദേശമദ്യം കരിഞ്ചത്തയിൽ വിൽപ്പന നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ നല്ല എന്നാണ് .ഔദ്യോഗിക ഭാഷ്യം . പക്ഷെ സംഗതി നടക്കുന്നുണ്ട്. വിലകൂടിയ മദ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ രംഗപ്രവേശംചെയ്തത്. ആയിരത്തി അഞ്ഞൂറ് റേഞ്ചിൽവരുന്ന മദ്യം. അത് കയ്യിൽ കിട്ടണമെങ്കിൽ രൂപ രണ്ടായിരത്തി അഞ്ഞൂറ് എങ്കിലും എണ്ണിക്കൊടുക്കണം. ബിവറേജസും മറ്റും ലോക് ഡൗണിന് അടയ്ക്കുമെന്നുറപ്പുള്ള ചിലർ വാങ്ങിവച്ച മദ്യം മാത്രമല്ല ഇത്തരത്തിൽ വിൽപ്പനയ്ക്കെത്തുന്നത്....അതൊക്കെ പലവഴിയെത്തും, അത്രതന്നെ. പക്ഷെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയല്ലെന്ന് മാത്രം.