tree
അപകടാവസ്ഥയിലായ മരം

മുട്ടം: തോട്ടുങ്കരയിൽ പാലത്തിനോട് ചേർന്ന് അപകടവസ്ഥയിലായ മരം മുറിച്ച് മാറ്റാൻ ഇതുവരെ നടപടിയായില്ല. ഇത് സംബന്ധിച്ച് പ്രദേശവാസികൾ ജില്ലാ കളക്ടർ, ജില്ലാ ദുരന്ത നിവാരണ അതോറിട്ടി, തൊടുപുഴ താഹസീൽദാർ, പൊതുമരാമത്ത്, വനം വകുപ്പ് എന്നീ അധികൃതരെയെല്ലാം നിരവധി തവണ വിവരം അറിയിച്ചിരുന്നു. കാലവർഷം ശക്തമായതോടെ മരത്തിന്റെ സമീപത്തുള്ള കുടുംബക്കാർ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. തൊടുപുഴ- ഈരാറ്റുപേട്ട- പാല ഭാഗത്തേക്കുള്ള ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാതയോരത്താണ് അപകടവസ്ഥയിലായ മരം എന്നതും പ്രശ്നമാണ്. മരത്തിന്റെ അപകടവസ്ഥ സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം കഴിഞ്ഞ വർഷം മരത്തിന്റെ ഒരു ഭാഗത്തേക്കുള്ള ശിഖരം മുറിച്ച് മാറ്റിയിരുന്നെങ്കിലും ഇപ്പോഴും അപകടാവസ്ഥ തുടരുകയാണ്. കഴിഞ്ഞ വർഷം മുട്ടം പഞ്ചായത്ത്‌ മുൻ ഭരണ സമിതി പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കളക്ടർ ആവശ്യപ്പെട്ട റിപ്പോർട്ട് പഞ്ചായത്തിൽ നിന്ന് കൈമാറിയിരുന്നു. സംസ്ഥാന പാതയോരത്തുള്ള മരമായതിനാൽ പൊതുമരാമത്ത് വകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. പാലത്തിന്റെ നൂറ് മീറ്റർ പരിധിയിലായതിനാൽ പൊതുമതാമത്ത് പാലം വിഭാഗമാണ് നടപടി സ്വീകരിക്കേണ്ടതെന്ന് റോഡ് വിഭാഗവും പരസ്പരം പഴി ചാരുന്നതല്ലാതെ അപകടവസ്ഥയ്ക്ക് പരിഹരമാകുന്നില്ല. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവരും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.