മൂലമറ്റം: കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന ശക്തമായ കാറ്റിലും മഴയത്തും മുട്ടം, കുടയത്തൂർ, കരിങ്കുന്നം, അറക്കുളം പഞ്ചായത്ത്‌ പ്രദേശങ്ങളിൽ വ്യാപകമായ നാശ നഷ്ടം. നിരവധി വീടുകൾക്കും കാർഷിക വിളകൾക്കും നാശം സംഭവിച്ചു. ചിലയിടങ്ങളിൽ വളർത്തുമൃഗങ്ങളുടെ കൂടും നശിച്ചു. മരങ്ങൾ മറിഞ്ഞും മറ്റും നിരവധി സ്ഥലങ്ങളിൽ പോസ്റ്റുകൾ മറിഞ്ഞ് വൈദ്യുതി കമ്പികൾ പൊട്ടി റോഡിൽ വീണു. അയ്യകാട്, നാടുകാണി, കുളമാവ് പ്രദേശങ്ങളിൽ കൊടുങ്കാറ്റ് വീശിയും നാശം സംഭവിച്ചു. ജോയിച്ചൻ പെരുമ്പാമ്പിള്ളിൽ, ബാലൻകരോട്ട്, രാഘവൻ കൊല്ലിയിൽ, ചന്ദ്രൻ അമ്മാനപ്പിള്ളിൽ, ജോസഫ് പെരുമ്പാമ്പിള്ളിൽ, എബി അഞ്ചാനിക്കൽ, അശോകൻ നെല്ലിക്കാപറമ്പിൽ, രാജേന്ദ്രൻ വെള്ളിശേരിൽ, മനോജ് ഈട്ടിച്ചു വട്ടിൽ, ജോൺസൺ ചോറ്റുപാറയിൽ, റോസിലി കൂനംപാറയിൽ എന്നിവരുടെ വാഴ, കപ്പ, കുരുമുളക് ചെടി, ജാതി, ഗ്രാപൂ, പ്ലാവ്, തെങ്ങ് കമുക് തുടങ്ങിയ കൃഷി ദേഹണ്ഡങ്ങൾ നശിച്ചു. ഗുരുതികളത്ത് റോഡരികിൽ നിന്ന മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. മൈലാടിയിൽ മരം വീണ് വൈദ്യുതി ലൈൻ തകർന്നു. കണ്ണിക്കൽ, മണപ്പാടി, കണ്ണിക്കൽ ഭാഗത്ത് ഉരുൾപൊട്ടി. മുട്ടം പഞ്ചായത്തിൽ കാക്കൊമ്പ് ഭാഗത്ത് ശക്തമായ കാറ്റ് വ്യാപക നാശം വിതച്ചു. മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. അഞ്ചാം വാർഡിൽ ജെയിംസ് കഴുതാടിയിലിന്റെ വീടിന്റെ സംരക്ഷണഭിത്തി കനത്ത മഴയിൽ തകർന്നു. ഇടപ്പള്ളി, പഴയമറ്റം, വള്ളിപ്പാറ, മലങ്കര പ്രദേശങ്ങളിലും റബർ മരങ്ങൾ ഉൾപ്പെടെ കടപുഴകിയും വൈദ്യതി ലൈൻ പൊട്ടുകയും ചെയ്തു.