മണക്കാട്: പഞ്ചായത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് അരിക്കുഴ ഗവ. ഹൈസ്‌കൂളിൽ ഡൊമിസിലറി കെയർ സെന്റർ (ഡി.സി.സി) ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗ തീരുമാനപ്രകാരമാണ് അരിക്കുഴ ഗവ. ഹൈസ്‌കൂൾ കെട്ടിടത്തിൽ ആവശ്യമായ ശുചീകരണം നടത്തി സെന്റർ ആരംഭിച്ചത്. വീടുകളിൽ ഒരു ടോയ്‌ലറ്റ് സൗകര്യം മാത്രമുള്ളവരിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരെ കെയർ സെന്ററിലേക്ക് മാറ്റിപാർപ്പിച്ച് മരുന്ന്, ഭക്ഷണം, മറ്റ് സൗകര്യങ്ങളും നൽകും. ഇതുവഴി വീടുകളിലെ മറ്റുള്ളവരിലേക്ക് രോഗവ്യാപനം ഉണ്ടാകുന്നത് തടയുകയാണ് ലക്ഷ്യം. സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേകമായി പാർപ്പിക്കുന്നതിന് ബെഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 35 പേർക്ക് വരെ പ്രവേശനം നൽകും. നിലവിൽ നാല് കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. ഇവർക്ക് ആവശ്യമായ ഭക്ഷണം പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്ന് വോളന്റിയർമാരുടെ സഹായത്തോടെ എത്തിച്ചു നൽകും. ഇതുകൂടാതെ കൊവിഡ് രോഗബാധിതരായ നിർദ്ധന കുടുംബങ്ങൾക്ക് വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകുന്ന പ്രവർത്തനവും നടത്തുന്നുണ്ട്. ഇതിന് വിവിധ യുവജന സംഘടനകളുടെ പ്രതിനിധികൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് സന്നദ്ധപ്രവർത്തനം നടത്തുന്നുണ്ട്. പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന് അദ്ധ്യക്ഷയായി വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ , പഞ്ചായത്ത് പ്രത്യേക ചുമതലയുള്ള കോ- ഓർഡിനേറ്റർ ഉൾപ്പെടുന്ന കോർ കമ്മറ്റിക്ക് രൂപം നൽകി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പൊതുജനങ്ങളുടെ ഇടയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് വാർഡ് തലത്തിൽ രൂപം നൽകി പ്രവർത്തിക്കുന്ന വാർഡ് തല സമിതികളുടെ നിദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ മരുന്ന്, കൊവിഡ് പരിശോധനയ്ക്കായി വാഹനസൗകര്യം തുടങ്ങിയവയും ചെയ്യുന്നുണ്ട്.