ഇടുക്കി: പ്രതിദിനം രോഗികളെക്കൊണ്ട് നിറയുന്ന മഹാമാരിയെ പിടിച്ചു നിറുത്താൻ ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും ഒരു പോലെ കഷ്ടപ്പെടുമ്പോൾ ഇരട്ടി ദുരിതമായി പേമാരിയും. ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശ നഷ്ടമാണുണ്ടായത്. മഴക്കെടുതിയിൽ രണ്ട് പേർ മരിക്കുകയും ചെയ്തു. കൊവിഡിനൊപ്പം പേമാരിയെയും നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോവുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രി യാത്രയ്ക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ വൈകീട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് യാത്രാ നിരോധനം. ദുരന്ത നിവാരണ സേനയുടെ 20 അംഗ സംഘവും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നാല് ക്യാമ്പുകളിലായി 20 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴയിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് വയോധികൻ ചികിത്സ ലഭിക്കാതെ മരിച്ചു. വട്ടവട ചിലന്തിയാർ കറുപ്പുസ്വാമി അമ്പലത്തിനു സമീപം എസ്. രാജായാണ് (65) ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. രാജായ്ക്ക് ശനിയാഴ്ച പുലർച്ചെ രണ്ടിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ വാഹനത്തിൽ മൂന്നാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ചിലന്തിയാറിൽ നിന്ന് വഴിയിലെ മരങ്ങൾ രാത്രിയിൽ നാട്ടുകാർ മുറിച്ചുമാറ്റി വട്ടവടയിലെത്തി. അവിടെ നിന്ന് വഴിയിൽ കിടന്ന മരങ്ങൾ മുറിച്ചുമാറ്റി പഴത്തോട്ടം വഴിപോകുന്നതിനിടയിൽ ഒരു വിധത്തിലും തടസം മൂലം മുന്നോട്ടു പോകാൻ കഴിയാതെ രോഗിയുമായി ബന്ധുക്കൾ വട്ടവടയിൽ തിരിച്ചെത്തി. തുടർന്ന് കോവിലൂർ വഴി മൂന്നാറിലേക്ക് വരുമ്പോൾ ഈർക്കാട് വച്ച് രാവിലെ എട്ടു മണിയോടെ ഇയാൾ വാഹനത്തിനുള്ളിൽ വച്ചു തന്നെ മരിച്ചു.

ഇതുകൂടാതെ ചിത്തിരപുരം പവർഹൗസിനു സമീപം മദ്ധ്യവയസ്‌കനെ വൈദ്യുതാഘാതമേറ്റു മരിച്ചനിലയിൽ കണ്ടെത്തി. തിരുനൽവേലി സ്വദേശി സൗന്ദർരാജനാണ് (56) മരിച്ചത്. 12 വർഷമായി വിദേശത്തായിരുന്ന ഇദ്ദേഹം പവർഹൗസിൽ താമസിക്കുന്ന ഭാര്യാമാതാവ് മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവിടെയെത്തിയത്. ഭാര്യ നിർമലയും പവർഹൗസിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ കടയിൽ പോകാൻ ഇറങ്ങിയ സൗന്ദർരാജനെ പിന്നീട് വീട്ടിൽ നിന്ന് 10 മീറ്റർ താഴെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്നിരുന്ന കശുമാവ് വൈദ്യുതി കമ്പിയിലേക്ക് വീണിട്ടുണ്ട്. തുടർന്ന് സൗന്ദർരാജന് വൈദ്യുതാഘാതമേറ്റതാണെന്നാണ് നിഗമനം.

കനത്ത മഴയെ തുടർന്ന് താരതമ്യേന ചെറിയ അണക്കെട്ടുകളായ കല്ലാർകുട്ടി, മലങ്കര, ലോവർ പെരിയാർ എന്നിവ തുറന്നു. മരങ്ങൾ കടപുഴകി വീണ് സംസ്ഥാനപാതയിലടക്കം ഗതാഗതം സ്തംഭിച്ചു. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. മഴയിലും കാറ്റിലുമായി 205 ഹെക്ടർ സ്ഥലത്തെ കൃഷി ജില്ലയിൽ ഇതിനകം നശിച്ചു. 17 വീടുകൾ പൂർണമായും 258 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ ഇന്നലെ ശരാശരി 92.77 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.