ഇടുക്കി: ആദിവാസി വനിതകൾ മാസ്‌കുകൾ തുന്നുന്ന തിരക്കിലാണ്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ആദിവാസി ഊരുകളിൽ വനപാലകരും പട്ടികവർഗ്ഗ വകുപ്പും വിവിധ സന്നദ്ധസംഘടനകളും മാസ്‌ക്കുകൾ എത്തിച്ചു. എന്നാൽ രണ്ടാംതരംഗം ഊരുകളിലെത്തുന്നതു തടയുന്നതിനാണ് ഇവർ മാസ്‌ക്കുകൾ തുന്നുന്നത്. മറയൂർ, കാന്തല്ലൂർ, വട്ടവട തുടങ്ങിയ അഞ്ചുനാടൻ ഗ്രാമങ്ങളിലെ ആദിവാസി കുടികളി ലുള്ളവർക്കാണ് ഈ മാസ്‌കുകൾ വിതരണം ചെയ്യുന്നത്. മാസ്‌കുകൾ തുന്നാൻ ഊരുകളിലെ സ്ത്രീകൾക്ക് പട്ടികവർഗവകുപ്പിനു കീഴിൽ ഗദ്ദിക എന്ന സംഘടന പരിശീലനം നൽകി. പൊങ്ങുംപള്ളി, ചൂരക്കുളം. കുമ്മിട്ടാംകുഴി, ഇന്ദിരാനഗർ എന്നിവിടങ്ങളിലെ സ്ത്രീകളാണ് മാസ്‌ക്കുകൾ നിർമ്മിക്കുന്നത്. ഗോത്രജീവികസംഘത്തിനു കീഴിൽ തയ്യൽ മെഷിനും, തുണിയും, ഇലാസ്റ്റിക്കും പട്ടികവർഗവകുപ്പ് സൗജന്യമായി നൽകുകയും ഒരു മാസ്‌ക്കിന് അഞ്ചു രൂപ നിരക്കിൽ തിരികെ വാങ്ങുകയും ചെയ്തു. ഈ കരുതൽ കാലത്ത് പതിനായിരത്തിലധികം മാസ്‌ക്കുകൾ ഈ വനിതകൾ തുന്നുകയുണ്ടായി. ട്രൈബൽ പ്രമോട്ടർമാർ വഴിയാണ് മാസ്‌കുകൾ കുടികളിലെത്തിക്കുന്നത്.