ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റി ആരംഭിച്ച യൂത്ത് ബ്രിഗേഡ് കൊവിഡ് ഡിസാസ്റ്റർ ഹെൽപ്പ് ഡെസ്‌ക് നിയുക്ത എം.എൽ.എ റോഷി അഗസ്റ്റ്യൻ സന്ദർശിച്ചു. വളരെ കുറഞ്ഞ നാളുകൊണ്ട് ധാരാളം ആളുകൾക്ക് ഉപകാരപ്രദമായ ഹെൽപ്പ് ഡസ്‌കിലെ വോളിന്റായർമാർക്ക് ആവശ്യത്തിനുള്ള പി.പി.ഇ കിറ്റ് റോഷി കൈമാറി. കൊവിഡ് രൂക്ഷമായതോടെ രോഗികളെ എത്തിക്കുന്നതിനും മരുന്നുകൾ എത്തിച്ചു നൽകുന്നതിനും മരണമടഞ്ഞ കൊവിഡ് ബാധിതരെ സംസ്‌കരിക്കുന്നതിനും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നടത്തിയാണ് മുന്നോട്ട് പോകുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ സി.വി വർഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾസൺ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വാഴത്തോപ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി. സബീഷ് എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഡിറ്റാജ് ജോസഫ്, സുമേഷ് കുമാർ കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് യുവജന പ്രവർത്തകരെ റോഷി ആദരിച്ചു.