മുട്ടം: മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടർ 80 സെന്റി മീറ്റർ ഉയർത്തി. ഓറഞ്ച് അലർട്ടിനെ തുടർന്ന് ഷട്ടർ ഉയർത്താൻ കളക്ടർ അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ഏതാനും ആഴ്ചകളായിട്ട് ഒരു ഷട്ടർ 10 സെ. മീറ്റർ ഉയർത്തിയിരുന്നു. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം കൂടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം രണ്ടാമത്തെ ഷട്ടറും 10 സെ. മീറ്റർ ഉയർത്തിയ അവസ്ഥയിലായിരുന്നു. 40.80 മീറ്ററാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. മഴ ശക്തമായതിനെ തുടർന്ന് അണക്കെട്ടിൽ നിന്ന് രണ്ട് കനാലിലൂടെ വെള്ളം കടത്തി വിടുന്നത് അവസാനിപ്പിച്ചിരുന്നു. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം വർധിപ്പിക്കുകയോ അണക്കെട്ടിലേക്ക് സ്വഭാവിക നീരൊഴുക്ക് കൂടുകയോ ചെയ്താൽ ഷട്ടർ ഒരു മീറ്റർ ഉയർത്താനും അനുമതിയുണ്ട്. തൊടുപുഴ, മുവാറ്റുപുഴ ആറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.