ചെറുതോണി: ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹോംനഴ്സ് സൗമ്യ സന്തോഷിന് ജന്മനാട് ഇന്ന് വിട നൽകും. ഏഴു വർഷം മുമ്പ് ഭർത്താവിനെയും ഏകമകനെയും തനിച്ചാക്കി ഇസ്രായേലിലേക്കു വിമാനം കയറുമ്പോൾ സൗമ്യയുടെ സ്വപ്നമായിരുന്നു ഒരു കൊച്ചു വീട്. കഴിഞ്ഞതവണ നാട്ടിൽ വന്നപ്പോൾ പഴയരിക്കണ്ടത്ത് 10 സെന്റ സ്ഥലം വാങ്ങി അടുത്ത ജനുവരിയിൽ നാട്ടിൽ വരുമെന്നും അപ്പോൾ വീട് വയ്ക്കാമെന്നും ഭർത്താവിനോട് പറഞ്ഞിട്ടാണു വിമാനം കയറിയത്. അടുത്തടുത്ത വീടുകളിൽ ജനിച്ചു വളർന്നവരാണ് സൗമ്യയും സന്തോഷും. രണ്ടു മതസ്ഥരായിരുന്നെങ്കിലും പുരോഗമന ചിന്താഗതിക്കാരായ വീട്ടുകാരിൽ നിന്ന് കാര്യമായ എതിർപ്പൊന്നും ഇവരുടെ വിവാഹത്തിനുണ്ടായില്ല. അച്ഛൻ സതീശനും അമ്മ സാവിത്രിയും കഞ്ഞിക്കുഴി പഞ്ചായത്ത് മെമ്പർമാരായിരുന്നു. ഭർത്താവിന്റെ അനുജൻ സജിയും പഞ്ചായത്തു മെമ്പറായിരുന്നു. സതീശന്റെയും സാവിത്രിയുടെയും മൂന്നു മക്കളിൽ മൂത്തവളായിരുന്നു സൗമ്യ. കാഞ്ഞിരന്താനം ജോസിന്റെ മകനാണു സന്തോഷ്. ഡ്രൈവറായ സന്തോഷിന്റെ തുച്ഛമായ വരുമാനം കൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കാനാവില്ലെന്ന് മനസിലാക്കിയപ്പോഴാണ് സൗമ്യ ഭർത്താവിനെയും മകനെയും വൈമനസ്യത്തോടെയാണങ്കിലും തനിച്ചാക്കി കടൽ കടന്നത്. സന്തോഷിന്റെ സഹോദരിമാരായ സോഫിയായും ഷേർളിയും വർഷങ്ങളായി ഇസ്രായേലിലാണ്. ഇവരാണ് സൗമ്യയെയും കൊണ്ടുപോയത്. തറവാട് വീടിനോട് ചേർന്ന് മറ്റൊരു വീട്ടിലാണു സന്തോഷും മകനും കഴിഞ്ഞിരുന്നത്. സൗമ്യ എന്നും ഭർത്താവിനെ വിളിക്കുകയും ദീർഘനേരം സംസാരിക്കുകയും പതിവായിരുന്നു. ഇസ്രായേലിൽ ഒരു വീട്ടിൽ ഹോംനഴ്‌സായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. പതിവുപോലെ ഭർത്താവിനു ഫോൺ ചെയ്യുമ്പോഴായിരുന്നു മരണം റോക്കറ്റായി താമസ സ്ഥലത്ത് പതിക്കുന്നത്.