തൊടുപുഴ: കനത്ത മഴയെ തുടർന്നുണ്ടായ നാശ നഷ്ടത്തിൽ താലൂക്കിലെ 44 വീടുകൾ ഭാഗികമായും ചിലത് പൂർണമായും തകർന്നു. ഉടുമ്പന്നൂർ വില്ലേജിൽ എട്ട് വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും നശിച്ചു. ചെപ്പുകുളം, മഞ്ചിക്കല്ല്, ഉടുമ്പന്നൂർ, ഉപ്പുകുന്ന്, ഏഴാനിക്കൂട്ടം എന്നിവിടങ്ങളിലായാണ് വീടുകൾ തകർന്നത്. വെള്ളിയാമറ്റം വില്ലേജിൽ 13 വീടുകൾക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ചെപ്പുകുളം, കുടയത്തൂർ മുതിയാമല, കൈപ്പ, വെള്ളിയാമറ്റം എന്നിവിടങ്ങളിലാണ് വീടുകൾക്ക് നാശം സംഭവിച്ചത്. അറക്കുളം വില്ലേജിൽ നാല് വീടുകൾക്ക് നാശം സംഭവിച്ചു. മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് വീടുകൾ തകർന്നത്. ഇലപ്പള്ളി വില്ലേജിൽ കണ്ണിക്കൽ ഭാഗത്ത് ഗ്രാമീണ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അന്ത്യൻപാറ ഭാഗത്ത് മൂലമറ്റം വാഗമൺ പാതയിലേക്ക് മരം ഒടിഞ്ഞ് വീണു. ആലക്കോട് വില്ലേജിൽ 13 വീടുകളാണ് ഭാഗികമായി തകർന്നത്. കാരിക്കോട് നാലും കുടയത്തൂരിൽ മൂന്നും വീടുകൾക്ക് നാശം സംഭവിച്ചു. മുട്ടം, പുറപ്പുഴ, വണ്ണപ്പുറം വില്ലേജുകളിൽ രണ്ട് വീടുകൾ വീതവും, മണക്കാട്, കുമാരമംഗലം, കരിമണ്ണൂർ വില്ലേജുകളിൽ ഓരോ വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിൽ കനത്ത കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. വെള്ളിയാഴ്ച രാത്രി വൻ മരങ്ങൾ വീണ് നിരവധിയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. കാരിക്കോട് നൈനാർ പള്ളിക്ക് സമീപം മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കുളമാവ് വടക്കേപുഴയ്ക്ക് സമീപവും മരം വീണു. മാടപ്പറമ്പ് റിസോർട്ടിന് സമീപം വൈദ്യുതി പോസ്റ്റ് ലോറിക്ക് മുകളിലേക്ക് വീണു. ആർക്കും പരിക്കില്ല. ഏതാനും ഗ്രാമീണ റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടെങ്കിലും ഇവ അഗ്‌നി രക്ഷാ സേനയുടെ സഹായത്തോടെ വൈകിട്ടോടെയാണ് മുറിച്ച് മാറ്റിയത്. പലയിടങ്ങളിലും ഇന്നലെയും വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കാനായില്ല. തഹസിൽദാർ കെ.എം. ജോസുകുട്ടിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. തൊടുപുഴ താലൂക്കിൽ ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും തഹസിൽദാർ അറിയിച്ചു.