ഇടുക്കി: കനത്ത കാറ്റിലും മഴയിലും ഇടുക്കിയിൽ കെ.എസ്.ഇ.ബിയ്ക്ക് വ്യാപകനാശം. 473 പോസ്റ്റുകളൊടിഞ്ഞു, നാല് ട്രാൻഫോർമർ തകരാറിലായി. പ്രാഥമിക കണക്ക് പ്രകാരം ജില്ലയിലാകെ 80.65 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കെ.എസ്.ഇ.ബി തൊടുപുഴ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഡി. മനോജ് പറഞ്ഞു. 1224 ട്രാൻസ്‌ഫോർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. 138 സ്ഥലങ്ങളിൽ 11 കെ.വി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. 335 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. 1191 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനുകൾ പൊട്ടി. 144 സ്ഥലങ്ങളിൽ 11 കെ.വി ലൈനും പൊട്ടി വീണു. 90 ശതമാനം സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായി. ഇന്നലെ പുലർച്ചെ മൂന്ന് മണി വരെ ജീവനക്കാരെത്തി ജോലി തുടർന്നു. അവധി ഒഴിവാക്കിയാണ് ഇന്നലെ ജീവനക്കാർ എല്ലാവരും ജോലിക്കെത്തിയത്. മറ്റിടങ്ങളിൽ പണികൾ പുരോഗമിക്കുകയാണെന്നും ഇന്നത്തോടെ ഏതാണ്ട് പൂർണമായും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.