തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും തൊടുപുഴ താലൂക്കിലെ 13 വില്ലേജുകളിലായി 60 വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും തകർന്നു. അറക്കുളത്ത് മൂന്ന് പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കാറ്റത്ത് മേൽക്കൂര പറന്ന് പോയും മരങ്ങൾ വീണുമാണ് ഭൂരിഭാഗം വീടുകൾക്കും നാശനഷ്ടമുണ്ടായത്. ഭാഗികമായി തകർന്ന് താമസ യോഗ്യമല്ലാതായ വീടുകളിൽ നിന്നുള്ളവർ സമീപത്തെ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മറ്റും താൽക്കാലികമായി മാറി താമസിച്ചു. താലൂക്ക് വില്ലേജ് ഓഫീസുകളിൽ നിന്നുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിൽ സന്ദർശിച്ചു.ഭാഗികമായി തകർന്ന വീട് അപകട ഭീഷണിയിലായതിനാൽ അറക്കുളം വില്ലേജിലെ മൂലമറ്റം പുരപ്പലങ്ങാട്ട് ജോസഫ്, ഭാര്യ ഏലിയാമ്മ, മകൻ ജോബിൻ ജോസഫ് എന്നിവരെയാണ്മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.

നാശനഷ്ടം സംഭവിച്ച വീടുകളുടെ

എണ്ണം വില്ലേജുകൾ തിരിച്ച് :

അറക്കുളം 4, കുടയത്തൂർ 3, മുട്ടം 2, കരിങ്കുന്നം 2, പുറപ്പുഴ 2, മണക്കാട് 1, കുമാരമംഗലം 1, വണ്ണപ്പുറം 6, കരിമണ്ണൂർ 1, ഉടുമ്പന്നൂർ 9, ആലക്കോട് 13, കാരിക്കോട് 4, വെള്ളിയാമറ്റം 13.