മുട്ടം: ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങൾ മുട്ടം പെട്രോൾ പമ്പിന് മുന്നിലുള്ള അപകടക്കുഴി നികത്തി. കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അത് നന്നാക്കാൻ വേണ്ടി കുഴിച്ച കുഴിയാണ് വലിയ ഗർത്തമായത്. മഴ പെയ്‌തും വാഹനങ്ങൾ കടന്ന് പോയും ഗർത്തം കൂടുതൽ അപകടവസ്ഥയിലായി. ഇത് സംബന്ധിച്ച് പ്രദേശവാസികൾ അധികൃതരെ നിരവധി പ്രാവശ്യം വിവരം അറിയിച്ചെങ്കിലും നടപടി ആയില്ല. ഇതേ തുടർന്നാണ് ഡിസാസ്റ്റർ മാനേജ്മെൻറ് ടീം അംഗവും പഞ്ചായത്ത് മെമ്പറുമായ അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരി സ് എ എ, ബാദുഷ അഷറഫ്,രാഹുൽ ഏറമ്പടം എന്നിവരുടെ നേതൃത്വത്തിൽ കുഴി നികത്താൻ മുന്നോട്ട് വന്നത്.