ചെറുതോണി: ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശനിയായ ഹോംനഴ്സ് സൗമ്യ സന്തോഷിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വിയോഗത്തിൽ ഒരു നാടാകെ തേങ്ങി. സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം ശനിയാഴ്ച രാത്രി പത്തോടെയാണ് നെടുമ്പാശേരിയിൽ നിന്ന് കീരിത്തോട് ജംഗ്ഷനിലുള്ള രണ്ടു മുറിയുള്ള വീട്ടിൽ എത്തിച്ചത്. രാത്രി വൈകിയും നിരവധി പേരാണ് സൗമ്യയെ ഒരു നോക്ക് കാണാനായി കാത്തിരുന്നത്. ഇന്നലെ പൊതുദർശനത്തിന് വച്ച സൗമ്യയുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിരവധി പേർ എത്തി. ഞായറാഴ്ച പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ജില്ലാ കളക്ടർ എച്ച്. ദിനേശൻ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് 11.15ന് ഇസ്രായേൽ കോൺസൽ ജനറൽ ജൊനാദൻ സഡ്ക സൗമ്യയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഇസ്രായേലി ജനതയ്ക്ക് സൗമ്യ മാലാഖയാണെന്നും കുടുംബത്തിന് ആവശ്യമായതെല്ലാം തങ്ങളുടെ സർക്കാർ ചെയ്യുമെന്നും കോൺസൽ ജനറൽ അന്തിമോപചാരം അർപ്പിച്ച് പറഞ്ഞു. സൗമ്യയുടെ ചെറിയ വീടിനുള്ളിൽ കടന്ന് സന്തോഷിന്റയും മകൻ അഡോണിന്റെും മറ്റു കുടുംബാംഗങ്ങളുടെ ദുഖത്തിൽ അദേഹം പങ്കുചേർന്നു. ഇന്ത്യയുടേയും ഇസ്രയേലിന്റെയും പതാകയടങ്ങിയ ബാഡ്ജ് സൗമ്യയുടെ മകൻ അഡോണിനെ അണിയിച്ചു. സൗമ്യയുടെ മരണവുമായി ബന്ധപെട്ട നടപടിക്രമങ്ങൾ വേഗത്തിൽ ആക്കാൻ ശ്രമിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു. തുടർന്ന് 2.15 ഓടെ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. ഇടുക്കി രൂപത ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, നിത്യസഹായ മാതാ പള്ളി വികാരി ഫാ. ടോം പാറയ്ക്കൽ എന്നിവരുടെ കാർമികത്വത്തിൽ വീട്ടിലെ പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം പള്ളിയിലെത്തിച്ച മൃതദേഹം മൂന്നരയോടെ സംസ്‌കരിച്ചു. ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിലായിരുന്നു പള്ളിയിലെ സംസ്‌കാരം ചടങ്ങുകൾ നടന്നത്. സൗമ്യയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സീറോമലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം വികാരി ജനറാൾ ഫാ ജോസ് പ്ലാച്ചിക്കൽ വായിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലപ്പ്, മുൻ എം.എൽ.എ പി.സി. ജോർജ്, മുൻ എം.പി ഫ്രാൻസിസ് ജോർജ്,​ കോൺഗ്രസ് നേതാക്കളായ അഡ്വ. ഇ.എം. ആഗസ്തി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സി.വി. വർഗീസ്,​ ബി.ജെ.പി നേതാവ് ഡോ. ജെ. പ്രമീളാദേവി,​ ജില്ലാ പ്രസിഡന്റ് കെ.എസ്. അജി,​ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി സാമൂഹികരാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ സൗമ്യയ്ക്ക് അന്തിമോപചാരമർപ്പിച്ചു.