house
വട്ടവടയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയും കാറ്റും മൂലം വീട് തകർന്ന നിലയിൽ

തൊടുപുഴ: ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടം. ഞായറാഴ്ച 4 വീടുകൾ പൂർണ്ണമായും 86 വീടുകൾ ഭാഗികമായും നശിച്ചതായാണ് കണക്കുകൾ. ഇന്നലെ ഉടുമ്പൻചോല താലൂക്കിൽ 2 വീടുകൾ പൂർണ്ണമായും 23 വീടുകൾ ഭാഗികമായും തകർന്നു. ദേവികുളം താലൂക്കിൽ 14 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. പീരുമേട് താലൂക്കിൽ ഒരു വീട് പൂർണ്ണമായും 42 വീടുകൾ ഭാഗിമായും നശിച്ചു. തൊടുപുഴ താലൂക്കിൽ ഒരു വീട് പൂർണ്ണമായും ഏഴ് വീടുകൾക്ക് ഭാഗികമായും കേടുപാടുണ്ടായി. ഇതോടെ രണ്ടു ദിവസത്തെ കണക്കുകൾ പ്രകാരം 21 വീടുകൾ പൂർണ്ണമായും 354 വീടുകൾക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. ഇന്നലെ 89 ഹെക്ടർ ഭൂമിയിൽ കൃഷി നാശം റിപ്പോർട്ട് ചെയ്തു. ഇതോടെ രണ്ട് ദിവസങ്ങളിലായി 294 ഹെക്ടർ ഭൂമിയിൽ കൃഷി നാശമുണ്ടായതാണ് പ്രാഥമിക വിവരം. കനത്ത മഴയെ തുടർന്നും, വീട് തകർന്നും ജില്ലയിൽ 5 പേർക്ക് പരുക്കു പറ്റി. തങ്കമണി വില്ലേജിൽ നാല് പേർക്കും, ദേവികുളം താലൂക്കിൽ വീട് തകർന്ന് വീണ് ഒരാൾക്കുമാണ് പരിക്കേറ്റത്.


വട്ടവടയിൽ ഉണ്ടായത് വ്യാപക നാശനഷ്ടം

വെള്ളിയാഴ്ച രാത്രിയിൽ വട്ടവട ഗ്രാമ പഞ്ചായത്തിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശ നഷ്ടങ്ങളാണുണ്ടായത്. വീടുകൾ തകർന്നതു കൂടാതെ വട്ടവട ടൗണിലെ അനവധി വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ പലയിടങ്ങളിലും ഒടിഞ്ഞ് വൈദ്യതി ബന്ധം പലയിടങ്ങളിലും നിലച്ചിരിക്കുകയാണ്. കൂടാതെ പല റോഡുകളിലും മണ്ണിടിച്ചിൽ ഉണ്ടായി. മരങ്ങൾ കടപുഴകി വീണ് സഞ്ചാരവും തടസപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേലായുധൻ, വാർഡംഗം മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറി ആർ നന്ദകമാർ, മറ്റ് ജീവനക്കാരായ സാജുമോൻ, രാജഗോപാൽ, രാകേഷ്, നിധിൻ എന്നിങ്ങനെ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. പ്രസിഡന്റ് ഗണപതി അമ്മാൾ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുകയാണ്.