തൊടുപുഴ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ വിഭാഗങ്ങളിലും പ്രായത്തിലുമുള്ളവർക്ക് വാക്സിനേഷൻ നൽകുമ്പോൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ സർക്കാർ മറന്ന മട്ടാണ്. ജന്മനാ ശാരീരികമായ പലതരം പ്രയാസങ്ങൾ അനുഭവിക്കുന്ന ഇവർക്ക് പ്രതിരോധശേഷി കുറവാണ്. പരസഹായമില്ലാതെ നിത്യവൃത്തികൾ ചെയ്യാൻ കഴിയാതെ വീടുകളിൽ അടച്ചുപൂട്ടി കഴിയുന്നവരുമാണ്. പ്രത്യേക പരിഗണനാ വിഭാഗത്തിൽപ്പെടുന്ന ഇവർക്ക് വാക്‌സിൻ വിതരണകേന്ദ്രത്തിൽ എത്തിച്ചേരാൻ സാമ്പത്തികച്ചെലവും ഇതോടൊപ്പം രോഗം പകരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നതും രക്ഷിതാക്കളെ ആശങ്കയിലാക്കുകയാണ്. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ ബൗദ്ധിക ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെ പരസഹായത്തോടെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിയുക. ഈ യാത്ര രക്ഷിതാവിനും കുട്ടിക്കും ഒരുപോലെ പ്രയാസമാണ്. അതിനാൽ ഭിന്നശേഷി വിഭാഗക്കാരെ കണ്ടെത്തി വീട്ടിലെത്തി വാക്‌സിൻ ലഭ്യമാക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് രക്ഷിതാക്കളും ഇവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും ആവശ്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 18 തികഞ്ഞ ഇത്തരക്കാരെ കണ്ടുപിടിച്ച് വീടുകളിൽ വോട്ടുചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു.
മാനസിക പിരിമുറുക്കത്തിൽ
ഒരു വർഷത്തിലധികമായി വീട്ടിൽ ഒതുങ്ങിപ്പോയ കുട്ടികൾ കടുത്ത മാനസിക പിരിമുറക്കത്തിലാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ചൂട് സമയത്തെ ഒറ്റപ്പെടലാണ് കാരണം. കുട്ടികളുടെ സംരക്ഷണത്തിനായി മാതാപിതാക്കളിൽ ഒട്ടുമിക്കവരും ജോലി ഉപേക്ഷിച്ചു. ഉപദ്രവ സ്വഭാവമുള്ള ഇവരിൽ പലരെയും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുകയെന്നത് ബുദ്ധിമുട്ടാവും. ഓൺലൈൻ രജിസ്‌ട്രേഷൻ ഇക്കാര്യത്തിൽ ഫലപ്രദമല്ലെന്നാണ് മാതാപിതാക്കളുടെ അഭിപ്രായം.
'ഭിന്നശേഷിക്കാർക്ക് വാക്സിനേഷനായി പ്രത്യേക സംവിധാനമൊരുക്കുന്ന കാര്യം ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്. നിലവിൽ വീട്ടിലെത്തി വാക്സിൻ നൽകുന്നതിൽ പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്. ജില്ലയുടെ ഭൂപ്രകൃതിയും ഇതിന് തടസമാണ്. എങ്കിലും രജിസ്ട്രേഷൻ കഴിഞ്ഞാൽ ഇവരെ പ്രത്യേകം പരിഗണിക്കും."
- ജില്ലാ കളക്ടർ എച്ച്. ദിനേശൻ