നെടുങ്കണ്ടം: വീടിന് സമീപം വഴിയിൽ പാർക്ക് ചെയ്തിരുന്ന വാഹനം സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തതായി പരാതി. പുഷ്പക്കണ്ടം സ്വദേശി തെറ്റാലിക്കൽ ജയ്‌മോന്റെ സ്വിഫ്‌റ്റ് കാറാണ് ശനിയാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തത്. വാഹനം വഴിയിൽ പാർക്ക് ചെയ്തിരുന്നതിനാൽ രാവിലെയാണ് സംഭവം അറിയുന്നത്. കാറിലുണ്ടായിരുന്ന 20,000 രൂപയും നഷ്ടപ്പെട്ടതായി ജയ്‌മോൻ പരാതിപ്പെട്ടു. കാറിന്റെ എല്ലാ വശത്തെയും ഗ്ലാസുകൾ അടിച്ചുതകർത്തു. ഏലത്തട്ട വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന 20,000 രൂപയാണ് കാണാതായതെന്ന് ജയ്‌മോൻ പറഞ്ഞു. ഇവരുടെ സ്ഥലത്തുള്ള ഷെഡിന് നേരെയും അടുത്തിടെ ആക്രമണം നടന്നിരുന്നു. വൈദ്യുതി കണക്ഷൻ ഉൾപ്പടെയുള്ളവ നശിപ്പിച്ചിരുന്നു. പ്രദേശത്ത് ചാരായ വാറ്റും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും പതിവാണെന്നും ഇത്തരക്കാരാണ് വാഹനം തകർത്തതെന്നും ജയ്‌മോൻ ആരോപിച്ചു. ഇയാളുടെ പരാതിയെത്തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.