ഇടുക്കി: കണ്ടാൽ സുന്ദരൻ, ഇപ്പോഴും ചെറുപ്പം, എതിരാളികളോട് പോലും സൗമ്യമായ പെരുമാറ്റം, ജനകീയൻ, ആരോടും മുഖം കറുപ്പിക്കാത്ത പ്രകൃതം,​ പാർട്ടി നോക്കാതെ സഹായം... ഇടുക്കിയുടെ നിയുക്ത മന്ത്രി റോഷി അഗസ്റ്റിനെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം. ഈ പ്രത്യേകതകളൊക്കെ കൊണ്ടാണ് റോഷി കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് ഇടുക്കി മണ്ഡലത്തിന്റെ നട്ടെല്ലായി മാറിയത്,​ മന്ത്രിയാകുന്നതോടെ ഇനി ജില്ലയുടെയും. വലത് നിന്ന് ഇടതോട്ട് മാറിയിട്ടും ഇടുക്കി കൈവിടാത്തും ഈ സ്വഭാവ സവിശേഷത കൊണ്ടാണ്. ഇടുക്കി സീറ്റ് വിട്ടുനൽകുമ്പോൾ ഇടതു നേതാക്കളും പ്രതീക്ഷയർപ്പിച്ചത് റോഷിയുടെ രാഷ്ട്രീയത്തിനതീതമായ ഈ മികവിനെയാണ്. കടുത്ത മത്സരം നടന്നിട്ടും യു.ഡി.എഫ് കോട്ടകളിൽ പോലും മുന്നേറ്റമുണ്ടാക്കി 5573 ഭൂരിപക്ഷം നേടി വിജയം നേടാനായത് റോഷി 20 വർഷത്തിനിടെ നേടിയെടുത്ത സൗഹൃദങ്ങളും വ്യക്തി ബന്ധങ്ങളും കൊണ്ടാണ്. ഇതിന് മുമ്പ് ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച നിലവിലെ കോൺഗ്രസ് നേതാവ്‌ സുലൈമാൻ റാവുത്തർ മാത്രമാണ് ഇടുക്കിയിൽ നിന്ന് വിജയിച്ചിട്ടുള്ള ഏക എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് ഓർക്കണം. രണ്ട് പതിറ്റാണ്ടിനിടെ സർക്കാരുകൾ മാറി മാറി വന്നെങ്കിലും ഇടുക്കി മണ്ഡലത്തിന് വേണ്ടത് ചോദിച്ച് വാങ്ങാൻ എം.എൽ.എയെന്ന നിലയിൽ റോഷിക്ക് കഴിഞ്ഞുവെന്നത് എടുത്ത് പറയേണ്ട മികവാണ്. ഇടുക്കി മെഡിക്കൽ കോളേജും പുതിയ താലൂക്കും നിർദിഷ്ട ചെറുതോണി പാലവും നിരവധി റോഡുകളും ഹൈടെക് സൗകര്യങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം റോഷിയുടെ ഇച്ഛാശക്തിയുടെ ഉദാഹരണങ്ങളാണ്. ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ കർഷകർക്കൊപ്പം ചേർന്ന് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാൻ റോഷിക്കായി. 2018 ഫെബ്രുവരിയിൽ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ കാൽനട സമരം ഇതിൽ എടുത്തുപറയേണ്ടതാണ്. 2018ലെ മഹാപ്രളയത്തിൽ ജനങ്ങൾക്കൊപ്പം നിന്ന് പുനർനിർമ്മാണത്തിന് നേതൃത്വം നൽകി. മണ്ഡലത്തിൽ വീടും സ്വത്തും നഷ്ടമായവർക്ക് സർക്കാരിന്റെയും ഇതര ഏജൻസികളുടെയും പിന്തുണയോടെ സഹായം നൽകാനായി. പതിറ്റാണ്ടുകളായി മുടങ്ങികിടന്ന ഇടുക്കി,​ കഞ്ഞിക്കുഴി വില്ലേജുകളിലെ പട്ടയ പ്രശ്‌നം പരിഹരിക്കാനായതും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നൽകിയതും നേട്ടങ്ങളാണ്.