തൊടുപുഴ: വ്യാപാരമേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സംഘടനകൾ രംഗത്ത്. കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായി വ്യാപാരികൾ ദുരിതത്തിലാണ്. ജി.എസ്.ടി, നോട്ട് നിരോധനം, പ്രളയം, കൊവിഡ് എന്നിങ്ങനെ ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും അതിന്റെയെല്ലാം ദുരവസ്ഥ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് വ്യാപാരവ്യവസായ മേഖലയിലുള്ളവരാണ്. എന്നാൽ ഈ മേഖലയിലുള്ളവരോട് നിഷേധാത്മകനിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അതിനാൽ താഴെ ഈ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോർജും വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിലും സംയുക്തപ്രസ്താവനയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റെജി വർഗീസ്, മുൻ പ്രസിഡന്റ് ജയകൃഷ്ണൻ, സുനിൽ വഴുതലക്കാട്, അനൂപ് ധന്വന്തരി, ആർ. ജയശങ്കർ, ജോസഫ് ടി. സിറിയക്, സജി പോൾ എന്നിവർ സംസാരിച്ചു.

പ്രധാന ആവശ്യങ്ങൾ

 വൈദ്യുത ചാർജിൽ ഇളവ് നൽകുക,​ ഫിക്‌സഡ് ചാർജുകൾ ഒരു വർഷത്തേങ്കിലും ഒഴിവാക്കിതരിക.

 വ്യവസായികളുടെ പലിശ കൃഷിക്കാരുടെതിന് തുല്യമായി പരിഗണിക്കുക

 സർക്കാർ ബിൽഡിംഗിലുള്ള വാടകക്കാരുടെ ഒരു വർഷത്തെ വാടക ഒഴിവാക്കുക

 ലൈസൻസ് ഫീസ് ഒരു വർഷത്തേയ്ക്ക് ഒഴിവാക്കുക. പിഴ അടച്ചിട്ടുള്ള തുക അടുത്ത വർഷത്തേയ്ക്ക് അഡ്ജസ്റ്റ് ചെയുക

 വാക്‌സിൻ വിതരണത്തിൽ വ്യാപാരമേഖലയിലുള്ളവർക്ക് മുൻഗണന നൽകുക.

 ദുരിതമനുഭവിക്കുന്ന വ്യാപാരിവ്യവസായികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക